
കൊച്ചി: കേരളത്തിൽനിന്നു നെല്ലു സംഭരിച്ച് അരിയാക്കി കയറ്റുമതി ചെയ്യാനും രാജ്യത്തെതന്നെ വിവിധ നഗരങ്ങളിലെ ആവശ്യക്കാർക്കെത്തിക്കാനുമുള്ള പദ്ധതി കേന്ദ്ര സഹകരണ വകുപ്പിനു കീഴിലുള്ള നാഷനൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്) വൈകാതെ നടപ്പാക്കും.
പദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. കേന്ദ്രാനുമതി ലഭിച്ചാലുടൻ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടം ആരംഭിക്കും. വിജയകരമെന്നു കണ്ടാൽ തുടരും. നെല്ലു സംഭരണത്തിലെ അനിശ്ചിതത്വവും കർഷകർക്കു വില ലഭിക്കാത്ത സാഹചര്യവും ഇതോടെ ഒഴിവാകുമെന്നാണു പ്രതീക്ഷ.
പാലക്കാട്, ആലപ്പുഴ, തൃശൂർ ജില്ലകളിൽനിന്നു നെല്ലു സംഭരിക്കാനാണു പദ്ധതി. കർഷകർക്കു നിലവിൽ ലഭിക്കുന്നതിനെക്കാൾ തുക നൽകും. പ്രാരംഭ ഘട്ടത്തിനുള്ള ഫണ്ട് എൻസിസിഎഫ് കണ്ടെത്തും. രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ എൻസിസിഎഫ് നിലവിൽ വിജയകരമായി നെല്ലു സംഭരണം നടത്തുന്നുണ്ട്.
സാധ്യതാ പഠനത്തിന്റെ ഭാഗമായി എൻസിസിഎഫ് മാനേജിങ് ഡയറക്ടർ ആനീസ് ജോസഫ് ചന്ദ്ര ആഴ്ചകൾക്കു മുൻപു പാലക്കാട്ടെത്തിയിരുന്നു. സഹകരണ സംഘങ്ങളുടെയും കർഷക കൂട്ടായ്മകളുടെയും പ്രതിനിധികളുമായി അവർ കാര്യങ്ങൾ ചർച്ച ചെയ്തു. കർഷകരുടെ റജിസ്ട്രേഷൻ അടക്കമുള്ള കാര്യങ്ങൾക്കായി ഓൺലൈൻ പോർട്ടലടക്കം സജ്ജമാണ്.
വിപണിയുണ്ടെന്നത് ശുഭകരം
പാലക്കാട് മേഖലയിലെ മട്ട അരിക്കു ലോകമെമ്പാടും മലയാളികൾക്കിടയിൽ വലിയ പ്രിയമുണ്ടെന്നതാണു പദ്ധതി വിജയകരമാകുമെന്ന ശുഭപ്രതീക്ഷ എൻസിസിഎഫിനു നൽകുന്നത്. പ്രവാസികളിൽ ഏറെപ്പേർക്കും മട്ട പ്രിയപ്പെട്ട അരിയാണ്. വലിയ വില കൊടുത്താണ് ഇവർ നിലവിൽ അരി വാങ്ങുന്നത്.
ഇവരിലേക്കു കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കാനായാൽ പദ്ധതി വിജയകരമാകുമെന്ന പ്രതീക്ഷയാണ് എൻസിസിഎഫിന്. കേരളത്തിനകത്തുള്ള വൻ ഡിമാൻഡും പദ്ധതി വിജയകരമാക്കുന്ന ഘടകമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേരളത്തിൽനിന്നു നെല്ലു സംഭരിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ എന്നിവരടക്കമുള്ളവരും ഇതിനായി സമ്മർദം ചെലുത്തിയിരുന്നു. സംഭരണത്തിലെ പ്രശ്നങ്ങൾമൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കു കേന്ദ്ര ഇടപെടൽ മൂലം പരിഹാരമുണ്ടായാൽ അതു രാഷ്ട്രീയമായി നേട്ടമാകുമെന്ന പ്രത്യാശയിലാണ് ബിജെപി നേതാക്കൾ.