
മുംബൈ: പണമിടപാടിനുള്ള ഇന്ത്യയുടെ സ്വന്തം പ്ലാറ്റ്ഫോമായ യുപിഐ കൂടുതൽ സ്മാർട്ടാകുന്നു. ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള സ്മാർട്ട് ഉപകരണങ്ങളിൽനിന്ന് നേരിട്ട് പണമയക്കാനുള്ള സംവിധാനം റിസർവ് ബാങ്ക് അവതരിപ്പിച്ചു. നിർമിതബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിങ്സും സംയോജിപ്പിച്ചാണ് യുപിഐയുടെ സാധ്യതകൾ ആർബിഐ കൂടുതൽ വിപുലമാക്കുന്നത്.
യുപിഐ ഹെൽപ്പ്
യുപിഐ ഇടപാടുകളിലെ പ്രശ്നങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ പരിഹരിക്കാൻ കഴിയുന്ന സംവിധാനമാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അവതരിപ്പിച്ചത്. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘യുപിഐ ഹെൽപ്പ്’ സംവിധാനം എൻപിസിഐ സ്വന്തംനിലയിൽ വികസിപ്പിച്ച ഭാഷാധിഷ്ഠിത മോഡലാണ്.
പേമെന്റ് ഡേറ്റ ഉപയോഗിച്ച് പരിശീലിപ്പിച്ചെടുത്ത ഇതിൽ ഉപഭോക്താക്കൾക്ക് ഇടപാടുകളുടെ സ്ഥിതി പരിശോധിക്കാനും പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കാനും സൗകര്യമുണ്ട്. തുടർച്ചയായ ഇടപാടുകൾക്കുള്ള മാൻഡേറ്റുകൾ നിയന്ത്രിക്കാനും ഇതിൽ സൗകര്യമുണ്ട്.
തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാകും ലഭ്യമാകുക. വൈകാതെ കൂടുതൽ ഇന്ത്യൻ ഭാഷകളിൽ ഇതു ലഭ്യമാക്കും. ബാങ്കുകൾക്കായും ഓട്ടോമാറ്റിക് പരാതിപരിഹാരസംവിധാനമായി ഇതു പ്രവർത്തിക്കും. ആവർത്തിച്ചുള്ള ചോദ്യങ്ങൾ കുറച്ചുകൊണ്ടുവരാനും ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ഇതുസഹായിക്കുമെന്ന് ഗവർണർ പറഞ്ഞു.
ഐഒടി പേമെന്റ്
സ്മാർട്ട് ഉപകരണങ്ങളിൽനിന്ന് യുപിഐ പേമെന്റ് നടത്താവുന്ന സംവിധാനവും ഇതോടൊപ്പം ഗവർണർ അവതരിപ്പിച്ചു. കണക്ടഡ് കാർ, സ്മാർട്ട് ടിവി, ധരിക്കാവുന്ന മറ്റുപകരണങ്ങൾ എന്നിവയിൽനിന്നെല്ലാം ഇതുവഴി നേരിട്ട് യുപിഐ ഇടപാടുനടത്താൻ സൗകര്യമൊരുക്കും.
അംഗീകൃത ഉപഭോക്താക്കൾക്ക് പറഞ്ഞും ടെക്സ്റ്റ് സന്ദേശം നൽകിയും സെൻസർ ഉപയോഗിച്ചും ഇടപാടു നടത്താനാകും. ഇവി ചാർജിങ്, പലവ്യഞ്ജനം, വിനോദപരിപാടികൾ എന്നിവയിലാണ് ഇതിന്റെ പരീക്ഷണപദ്ധതി വിജയിപ്പിച്ചിട്ടുള്ളത്.
ഐഒടി അധിഷ്ഠിത സാമ്പത്തിക സാങ്കേതികവിദ്യാ വികസനലക്ഷ്യം സാധൂകരിക്കുന്നതാണ് ഇവയുടെ അവതരണം.