ന്യൂഡല്‍ഹി: രാജ്യത്തെ ആറില്‍ ഒന്ന് സ്ത്രീകള്‍ക്കും തങ്ങളുടെ സമ്പാദ്യം ഇഷ്ടാനുസരണം ചെലവഴിക്കാന്‍ കഴിയുന്നില്ല. മാത്രമല്ല, ഇത്തരത്തിലുള്ള സ്ത്രീകളുടെ എണ്ണം 15 വര്‍ഷം മുന്‍പത്തേതിനേക്കാള്‍ അധികമായി. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഈ കണക്കുകളുള്ളത്.
ഭര്‍ത്താക്കന്മാരാണ് ഇത്തരം കുടുംബങ്ങളില്‍ സ്ത്രീകള്‍ എങ്ങിനെ പണം ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നത്. അതേസമയം, ഭര്‍ത്താകന്മാരോട് കൂടിയാലോചിച്ച് ചെലവുചെയ്യാന്‍ കഴിയുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. 2019-2021 കാലത്ത് നടത്തിയ, ഈ മാസമാദ്യം പുറത്തുവന്ന സര്‍വ്വേ പ്രകാരം 18 ശതമാനം സ്ത്രീകള്‍ മാത്രമാണ് തങ്ങളുടെ വരുമാനം ഇഷ്ടാനുസരണം
ചെലവഴിക്കുന്നത്.
2005-2006 കാലത്ത് ഇത് 24 ശതമാനമായിരുന്നു. ഭര്‍ത്താക്കന്മാരോട് കൂടിയാലോചിച്ച് വരുമാനം ചെലവഴിക്കുന്ന സ്ത്രീകളുടെ എണ്ണം 10 ശതമാനം വര്‍ധിച്ച് 67 ശതമാനമായി. 2005-06 കാലത്ത് തൊഴിലില്ലാതിരുന്ന, 15 മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളുടെ എണ്ണം 43 ശതമാനമായിരുന്നു.
നിലവില്‍ ഇത് 11ശതമാനം കുറഞ്ഞ് 32 ശതമാനമായിട്ടുണ്ട്. ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ഭൂരിഭാഗം സ്ത്രീകള്‍ക്കും തങ്ങളുടെ വരുമാനം ഇഷ്ടാനുസരണം ചെലവഴിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല, വിദ്യാസമ്പന്നരുടേയും അല്ലാത്തവരുടേയും അവസ്ഥ സമാനമാണ്.
ഭൂരിഭാഗം പുരുഷന്മാരുടെ വരുമാനവും ചെലവഴിക്കപ്പെടുന്നത് ഭര്‍ത്താവിന്റെയും ഭാര്യയുടേയും സംയുക്ത തീരുമാനപ്രകാരമാണ്. ഭര്‍ത്താക്കന്മാരുടെ വരുമാനം എങ്ങിനെ ചെലവഴിക്കണമെന്ന് പറയാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് 71 ശതമാനം സ്ത്രീകള്‍ പറയുന്നു. 2005-2006 കാലഘട്ടത്തില്‍ ഇത് 62 ശതമാനമായിരുന്നു.
തന്നിഷ്ടപ്രകാരം വരുമാനം ചെലവഴിക്കുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണത്തിലും കുറവ് വന്നു. 2005-06 കാലഘട്ടത്തില്‍ ഇത് 25ശതമാനമായിരുന്നുവെങ്കില്‍ 2019-21 വര്‍ഷങ്ങളില്‍ ഭാര്യയോട് കൂടിയാലോചിക്കാതെ വരുമാനം ചെലവഴിക്കുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം 21 ശതമാനമായി കുറഞ്ഞു.