
മുംബൈ: റിലയൻസ് ജിയോയും ഭാരതി എയർടെലും വീണ്ടും നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂലൈയിലും കമ്പനികൾ നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
പ്രമുഖ ടെലികോം കമ്പനികളായ റിലയൻസ് ജിയോയും ഭാരതി എയർടെലും താഴ്ന്ന നിരക്കിലുള്ള ചില പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 5G സേവനങ്ങൾ വ്യാപകമായതോടെ ഡേറ്റ ഉപയോഗം കുത്തനെ ഉയർന്നുവെന്നും കമ്പനി പറയുന്നു.
ഉയർന്ന നിലവാരമുള്ള വിഡിയോ സ്ട്രീമിങ്, ഓൺലൈൻ ഗെയിമിങ്, മറ്റ് ഡാറ്റാ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവയുടെ വർദ്ധിച്ച ഉപയോഗമാണ് ഇതിൻ്റെ കാരണം. റിചാർജ് നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (Average Revenue Per User-ARPU) വർദ്ധിപ്പിക്കുക എന്നതാണ് കമ്പനികളുടെ പ്രധാന ലക്ഷ്യം.
ഇന്ത്യൻ ടെലികോം മേഖലയിലെ ഭീമൻമാരായ ജിയോയും എയർടെലും സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങൾ നടത്തുന്നത്.
ഈ വർഷം അവസാനത്തോടെ അടുത്ത നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ സൂചനകൾ ലഭിച്ചത്. എന്നാൽ, അതിനും മുമ്പ് തന്നെ പുതിയ നിരക്കുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.