
രേഷ്മ കെ എസ്
കൊച്ചി: വെളിച്ചെണ്ണ വില ഇടിഞ്ഞതോടെ ഓണ വിപണിയിൽ ആശ്വാസം. സ്വർണ വിലയേക്കാൾ പ്രതിസന്ധി സൃഷ്ടിച്ച് സ്റ്റാർ പദവി നേടിയ വെളിച്ചെണ്ണ വിലയിടഞ്ഞതോടെ മൊത്ത വിപണിയിൽ 500 പിന്നിട്ട വെളിച്ചെണ്ണ വില ഇപ്പോൾ ലിറ്ററിന് ₹390-₹425 ആയി താഴ്ന്നു. കഴിഞ്ഞ ആഴ്ച വരെ പ്രീമിയം ബ്രാൻഡുകൾ ലിറ്ററിന് 700 രൂപ വരെയാണ് ഈടാക്കിയത്. ഓണത്തിന് മുന്നോടിയായി വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടലുകളും, തമിഴ്നാട്-കർണാടക മേഖലകളിൽ നിന്ന് തേങ്ങയുടെ വരവ് വർധിച്ചതും, ഇതുമൂലം പൂഴ്ത്തിവെപ്പുകാർ കൊപ്ര വിപണിയിലേക്കിറക്കാൻ നിർബന്ധിതരായതുമാണ് വെളിച്ചെണ്ണ വില താഴ്ന്നതിന് പിന്നിൽ.
ചിപ്സ് വിപണിക്ക് ആശ്വാസം
വെളിച്ചെണ്ണ വില വർധിച്ചതോടെ ചിപ്‌സ് വില 20 മുതൽ 30 ശതമാനം വരെയാണ് വർധിച്ചത്. ഓണ വിപണിയിലെ പ്രധാനിയായ ചിപ്സിന്റെ പ്രധാന വിപണന ടാഗ് ലൈൻ തന്നെ നല്ല നാടൻ വെളിച്ചെണ്ണയിൽ വറുത്തത് എന്നാണ്. വെളിച്ചെണ്ണ വില വർധിച്ചതോടെ മൊത്ത കച്ചവടക്കാർ ചിപ്സിന്റെ വില കിലോഗ്രാമിന് ₹420–₹450ൽ നിന്ന് ₹550–₹580 വരെയാക്കി ഉയർത്തിയതായി ഓൾ കേരള ചിപ്സ് മാനുഫാക്ചറിംഗ് അസോസിയേഷൻ അറിയിച്ചിരുന്നു. വിലയിടിഞ്ഞതോടെ ചിപ്സ് വിപണിക്കും ആശ്വാസമായി. വില വർധനവ് പ്രതിസന്ധിയിലാക്കിയതോടെ ഓണത്തിന് മുൻപ് തന്നെ കാര്യങ്ങൾ കൈയ്യിലൊതുക്കാൻ പായ്ക്കറ്റിന്റെ വലുപ്പം കുറയ്ക്കുന്ന ‘ഷ്രിംഗ്ഫ്ളേഷൻ’ വഴി വില വർധന നിയന്ത്രിക്കാനുളള ശ്രമത്തിലായിരുന്നു കച്ചവടക്കാർ. ഓണ വിപണിയിലെ പ്രധാന സ്നാക്കായ ചിപ്സിന്റെ ‘നല്ല നാടൻ വെളിച്ചെണ്ണയിൽ വറുത്ത’ എന്ന ടാഗ് ലൈനിന് മങ്ങലേക്കാതെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് സൂചന.
സമ്മർദം കുറഞ്ഞ് കയറ്റുമതി
കേരളത്തിൽ നിന്ന് യുഎഇ, സൗദി, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് ബനാന ചിപ്സ് കയറ്റുമതി ചെയ്യുന്നവർക്ക് ഉത്പ്പാദന ചെലവ് ഗണ്യമായി ഉയർന്നിരുന്നു. മുൻകൂട്ടി ലഭിച്ച ഓർഡറുകൾ, വെളിച്ചെണ്ണ വില ഉയരും മുൻപ് ഉണ്ടായിരുന്നപ്പോൾ നല്കിയ ധാരണ പ്രകാരം തന്നെ കയറ്റുമതി ചെയ്യാൻ നിർബന്ധിതരായി. വെളിച്ചെണ്ണ വില കുറഞ്ഞതോടെ കയറ്റുമതിക്കാർക്കും വലിയ ആശ്വാസമാണ് ലഭിച്ചത്. ഗൾഫ് വിപണിയിൽ പ്രീമിയം സ്നാക് എന്ന നിലയിൽ കേരള ചിപ്സിനെ ബ്രാൻഡ് ചെയ്ത് നിർത്താൻ വില സ്ഥിരത അനിവാര്യമാണെന്നും വ്യവസായ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

വില ഇടിവ് രുചിച്ച് കാറ്ററിംഗ്
ഓണക്കാലത്ത് സാധാരണ 1,000–2,000 സദ്യകൾ ഒരുക്കുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് മാത്രം വെളിച്ചെണ്ണ വിലവർധന 10–15 ശതമാനം അധിക ചെലവ് സൃഷ്ടിക്കുമെന്നാണ്ന്ന പ്രതീക്ഷിച്ചിരുന്നത്. ചെറിയ ഹോട്ടലുകളും ബേക്കറികളും സൺഫ്ളവർ, പാം തുടങ്ങിയ കുറഞ്ഞ വിലയുള്ള ഓയിലുകളെയാണ് പ്രധാനമായും ഇപ്പോൾ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ വെളിച്ചെണ്ണ രുചി ശീലിച്ച മലയാളികൾക്ക് സദ്യയുടെ രുചിയിലും ആകെ മാറ്റം രുചിക്കും. ഓണത്തോടടുക്കുമ്പോൾ വില ഇനിയും കുറയുമെന്നും വില വർധനവ് നിയന്ത്രിക്കാനാകുമെന്നുമുളള പ്രതീക്ഷയിലാണ് കാറ്ററിംഗുകാരും.
പ്രതിസന്ധികൾ ഇനിയുമേറെ
വെളിച്ചെണ്ണ വില ഇടിഞ്ഞെങ്കിലും, പച്ചക്കറി, പൂക്കൾ, മറ്റ് ഓണാവശ്യങ്ങളുടെ വിലയിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ഉത്പ്പാദിപ്പിച്ച പച്ചക്കറികളുടെ വിപണിയിലേക്കെത്തൽ വൈകുന്നതും, തമിഴ്നാട്-കർണാടകയിലുണ്ടായ കാലാവസ്ഥാ പ്രശ്നങ്ങളും വില ഉയർന്ന നിലയിൽ തുടരാൻ ഇടയാക്കുന്നു. ഓണ വിപണി സജീവമാക്കാൻ ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ സംരക്ഷിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികളാണ് ആവിഷിക്കരിച്ചിരിക്കുന്നത്. കാർഷിക വകുപ്പും നാളികേര കർഷകർക്ക് കുറഞ്ഞ പലിശയിൽ വായ്പ, ഉയർന്ന രോഗപ്രതിരോധ ശേഷിയുളള ഇനങ്ങൾ ലഭ്യമാക്കൽ, വിപണന പിന്തുണ എന്നിവയെല്ലാം ലഭ്യമാക്കാൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വില വർധനയുടെ ആഘാതം ഓണക്കാലത്തെ ചിപ്സിനും സദ്യയ്ക്കും നേരിട്ട് ബാധിച്ചിട്ടുണ്ടെങ്കിലും, തെങ്ങ് കൃഷിയിൽ ദീർഘകാല നിക്ഷേപം, ഇറക്കുമതി നിയന്ത്രണം, വില നിരീക്ഷണം എന്നിവയിലൂടെ മാത്രമേ വിപണി സ്ഥിരത കൈവരിക്കാനാകൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. താത്കാലികാശ്വാസം ലഭിച്ചാലും, വിപണിയിലെ സ്ഥിരത നിലനിർത്താൻ സർക്കാരിന്റെയും കർഷകരുടെയും സഹകരണം തുടരേണ്ടതുണ്ട്. അപ്പോഴാണ് ഓണം രുചിയിലും നിറത്തിലും സമ്പൂർണ്ണമാകൂ..