
കൊച്ചി: ഹരിത ഹൈഡ്രജൻ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ പ്ളാന്റ് ഗുജറാത്തിലെ ജാംനഗറിൽ അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസാണ് കാർബൺ വികിരണം ഏറ്റവും കുറവുള്ള ഹരിത ഹൈഡ്രജൻ ഉത്പാദനം ആദ്യമായി ഇന്ത്യയിൽ ആരംഭിക്കുന്നത്.
ഗതാഗത ആവശ്യത്തിനുള്ള വാണിജ്യ വാഹനങ്ങളിൽ ഹരിത ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നതിനായി അശോക് ലൈലാൻഡ് ഉൾപ്പെടെ മുൻ നിര ട്രക്ക് കമ്പനികളുമായി റിലയൻസ് ധാരണയിലെത്തി. ജാംനഗറിലെ പ്ളാന്റിൽ നിർമ്മിക്കുന്ന ഹരിത ഹൈഡ്രജൻ ജിയോ-ബി.പി ഔട്ട്‌ലെറ്റുകളിലൂടെ വില്ക്കാനാണ് ഒരുങ്ങുന്നത്.
പരിസ്ഥിതി സൗഹ്യദ ഇന്ധന മേഖലയിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 80,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്ന് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് പത്ത് ജിഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ നിർമ്മാണ പ്ളാന്റും മൊഡ്യൂൾ ഫാക്ടറിയും ജാംനഗറിൽ ഈ വർഷം പ്രവർത്തനം തുടങ്ങും. സംഭരണം, സൗരോർജം, പവർ ഇലക്ട്രോണിക്സ്, ഇന്ധന സെൽ, ഹരിത ഹൈഡ്രജൻ എന്നിവയ്ക്കായി അഞ്ച് മെഗാ ഫാക്ടറികളാണ് ഇവിടെ ഒരുങ്ങുന്നത്.
വരുന്നു ഹൈഡ്രജൻ ട്രക്കുകൾ
ഹൈഡ്രജൻ ഇന്റേണൽ കമ്പസ്റ്റ്യൻ എൻജിൻ (എച്ച്2ഐ.സി,ഐ) സാങ്കേതികവിദ്യയിൽ ഓടുന്ന ഇന്ത്യയിലെ ആദ്യ ഹെവി ഡ്യൂട്ടി ട്രക്കുകൾ റിലയൻസ് ഇൻഡസ്ട്രീസും അശോക് ലൈലാൻഡുമായി ചേർന്ന് വിപണിയിലിറക്കും.
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാവുന്ന ബസുകളും ഒലെക്ട്രാ ഗ്രീൻടെക്ക് കമ്പനിയുമായി സഹകരിച്ച് റിലയൻസ് പുറത്തിറക്കി. ഒരു വർഷത്തിനുള്ളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈ ബസുകൾ വിപണിയിൽ ലഭ്യമാകും.
ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ലക്ഷ്വറി കോച്ചുകൾ നിർമ്മിക്കുന്നതിന് ഭാരത് ബെൻസുമായും സഹകരിക്കും.
ഹരിത ഹൈഡ്രജൻ
ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹ്യദ ഇന്ധനമാണ് ഹരിത ഹൈഡ്രജൻ. പാരമ്പര്യേതര ഉൗർജ സ്രോതസുകളായ സൗരോർജം, കാറ്റാടി, തിരമാല തുടങ്ങിയവയിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ജലത്തിന്റെ ഇലക്ട്രോളിസിസ് നടത്തിയാണ് ഇതിനായി ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്.
ഇതിലൂടെ ലഭിക്കുന്ന ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുകയും ഓക്സിജൻ അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യുന്നു.
ഹരിത ഹൈഡ്രജൻ രംഗത്തെ വമ്പൻമാർ
റിലയൻസ് ഉൾപ്പെടെ ഒൻപത് കമ്പനികളാണ് ഹരിത ഹൈഡ്രജൻ നിർമ്മാണത്തിന് സർക്കാർ പ്രഖ്യാപിച്ച വൻ ആനൂകൂല്യങ്ങൾക്ക് ലേലത്തിലൂടെ അർഹത നേടിയത്.
മൊത്തം 4.5 ലക്ഷം ടൺ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കാനാണ് സർക്കാർ ടെണ്ടർ ക്ഷണിച്ചത്. എ.സി.എം.ഇ ക്ളീൻടെക്ക് സൊലൂഷൻസ്, വെൽസ്പൺ ന്യൂഎനർജി, ടോറന്റ് പവർ, ബി.പി.സി.എൽ, ജെ.എസ്.ഡബ്‌ള്യു തുടങ്ങിയവയാണ് ഹൈഡ്രജൻ നിർമ്മാണത്തിന് ഒരുങ്ങുന്ന മറ്റ് പ്രമുഖ കമ്പനികൾ.