
കൊച്ചി: നിർദിഷ്ട അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന് കെആർഡിസിഎൽ (കേരള റെയിൽ ഡിവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) ശുപാർശചെയ്തു. ഇതുസംബന്ധിച്ച് പഠിക്കാൻ സംസ്ഥാനസർക്കാർ കെആർഡിസിഎലിനെ ചുമതലപ്പെടുത്തിയിരുന്നു.
അങ്കമാലി-എരുമേലി പാതയുമായി മുന്നോട്ടുപോകാൻ കേരള സർക്കാർ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. അതിനാൽ നീട്ടാൻ സാധ്യതാപഠനത്തിനുള്ള നിർദേശം സംസ്ഥാനസർക്കാർ പരിഗണിക്കാനിടയുണ്ട്.
111 കിലോമീറ്റർ അങ്കമാലി-എരുമേലി ശബരിപ്പാതയിൽ 14 സ്റ്റേഷനുകളാണ്. സ്ഥലമെടുപ്പ് ഓഫീസുകൾ വീണ്ടും തുറക്കാനൊരുങ്ങുകയാണ് സംസ്ഥാനസർക്കാർ. സ്ഥലമെടുപ്പ് വിജ്ഞാപനം വന്നാൽ പദ്ധതി മരവിപ്പിച്ച നടപടി റെയിൽവേ റദ്ദാക്കും.
കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെആർഡിസിഎൽ.
നെടുമങ്ങാട്ടേക്ക് റെയിൽ
റെയിൽവേ സൗകര്യമില്ലാത്ത അരലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരങ്ങളിലേക്ക് പാതനിർമിക്കുന്നതിനായി റെയിൽവേ നേരത്തേ പദ്ധതി പ്രഖ്യാപിച്ചിരുന്നു. നെടുമങ്ങാട് ഇതിൽ ഉൾപ്പെടുന്നതാണ്. എരുമേലിമുതൽ തിരുവനന്തപുരം ബാലരാമപുരംവരെ 160 കിലോമീറ്ററുള്ള നിർദിഷ്ടപാതയിൽ 13 സ്റ്റേഷനുകളാണുള്ളത്.
ശബരിപ്പാത എരുമേലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് നീട്ടുന്നതിന്റെ പ്രാഥമിക സർവേ 2013-ൽ റെയിൽവേ നടത്തിയിരുന്നു. കുറഞ്ഞവരുമാനമേ ലഭിക്കൂ എന്ന നിഗമനത്താൽ പദ്ധതി നടന്നില്ല.
അതിനുശേഷം വാഹനങ്ങളുടെ എണ്ണം പലമടങ്ങ് വർധിച്ചു.
ഇനി വികസിക്കാനാകാത്തനിലയിലാണ് റോഡുകൾ. ഗതാഗതതടസ്സങ്ങൾ കാരണം എംസി റോഡിലൂടെയുള്ള യാത്രാസമയം കൂടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള ചരക്ക് ഗതാഗതം നിയന്ത്രിക്കാൻ കഴിയാത്തനിലയിലാകുമെന്ന് കെആർഡിസിഎൽ പറയുന്നു.
നിർദിഷ്ട സ്റ്റേഷനുകൾ
എരുമേലി
അത്തിക്കയം
പെരിനാട് റോഡ്
പത്തനംതിട്ട
കോന്നി
പത്തനാപുരം
പുനലൂർ
അഞ്ചൽ
കിളിമാനൂർ
വെഞ്ഞാറമൂട് റോഡ്
നെടുമങ്ങാട്
കാട്ടാക്കട
ബാലരാമപുരം






