
ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പ ലക്ഷ്യം ലംഘിച്ചതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആര്‍ബിഐ നിയമത്തിലെ വ്യവസ്ഥകള്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞു. നവംബര്‍ 9 ന് ചേര്‍ന്ന ആര്‍ബിഐ, മോണിറ്ററി പോളിസി കമ്മിറ്റി അനൗപചാരിക യോഗമാണ് വിശദീകരണ കത്ത് തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചത്.
തുടര്‍ച്ചയായ 9 മാസങ്ങളില്‍ പണപ്പെരുപ്പം ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തിന് മുകളിലായതിനെ തുടര്‍ന്നാണിത്. സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ 2-6 ശതമാനം പരിധിക്ക് പുറത്താണെങ്കില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടതായി കണക്കാക്കും. 2016-ല്‍ അവതരിപ്പിച്ച ഫ്‌ലെക്‌സിബിള്‍ ഇന്‍ഫ്‌ലേഷന്‍ ടാര്‍ഗെറ്റിംഗ് ചട്ടക്കൂട് പ്രകാരമാണിത്.
തുടര്‍ന്ന് സര്‍ക്കാറിന് വിശദീകരണം നല്‍കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരാകും. അതേസമയം,ഭൗമരാഷ്ട്രീയ പ്രശ്നങ്ങള്‍ കാരണമാണ് പണപ്പെരുപ്പം പരിധിയിലൊതുങ്ങാത്തത് എന്ന് ആര്‍ബിഐ ധരിപ്പിച്ചതായാണ് വിവരം. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വിശദീകരണക്കുറിപ്പിലെ കാര്യങ്ങള്‍ പരസ്യമാക്കാനാകില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും പറഞ്ഞിരുന്നു.






