
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ വ്യാപ്തി രേഖപ്പെടുത്തുന്ന റിസര്‍വ് ബാങ്കിന്റെ എഫ്ഐ-സൂചിക 2025 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 4.3 ശതമാനം ഉയര്‍ന്നു. കേന്ദ്ര ബാങ്ക് ചൊവ്വാഴ്ച അറിയിച്ചതാണിത്.
‘2025 മാര്‍ച്ചിലെ എഫ്ഐ-സൂചികയുടെ മൂല്യം 2024 മാര്‍ച്ചിലെ 64.2 നെ അപേക്ഷിച്ച് 67 ആണ്. പ്രവേശനം, ഉപയോഗം, ഗുണനിലവാരം എന്നിങ്ങനെ എല്ലാ ഉപസൂചികകളിലും വളര്‍ച്ചയുണ്ടായി,’ ആര്‍ബിഐ പ്രസ്താവനയില്‍ പറയുന്നു.
ഉപയോഗത്തിലും ഗുണനിലവാരത്തിലുമുള്ള കൂടിയ അളവാണ് സൂചികയെ ഉയര്‍ത്തിയത്. ഇടപാടുകള്‍ നടത്തുക, നിക്ഷേപിക്കുക, അല്ലെങ്കില്‍ ഔപചാരിക മാര്‍ഗങ്ങളിലൂടെ പണമടയ്ക്കുക തുടങ്ങിയ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതിനോടൊപ്പം ഉത്പന്നങ്ങള്‍ എങ്ങിനെ വിവേകത്തോടെയും സുരക്ഷിതമായും ഉപയോഗിക്കണമെന്ന അറിവിലും ഉയര്‍ച്ചയുണ്ടായി.
ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപങ്ങള്‍, പെന്‍ഷനുകള്‍, തപാല്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ ഇന്ത്യയിലുടനീളം എത്രപേരിലെത്തുന്നു എന്നതാണ് ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഇന്‍ഡെക്‌സ് അളക്കുന്നത്. ഇത് 0 (ആക്സസ് ഇല്ല) മുതല്‍ 100 (പൂര്‍ണ്ണ ആക്സസ്) വരെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
സൂചികയില്‍ മൂന്ന് പാരാമീറ്ററുകള്‍ ഉള്‍പ്പെടുന്നു – സാമ്പത്തിക സേവനങ്ങളിലേയ്ക്കുള്ള പ്രവേശനം (35 ശതമാനം), അവയുടെ ഉപയോഗം (45 ശതമാനം), ഗുണനിലവാരം (20 ശതമാനം) എന്നിങ്ങനെ. നിരവധി സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവ കണക്കാക്കുന്നത്.