
മുബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പ്രതിമാസ ബുള്ളറ്റിന്‍ പ്രകാരം, കേന്ദ്രബാങ്ക് സ്‌പോട്ട് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ജൂലൈയില്‍ 2.54 ബില്യണ്‍ ഡോളറിന്റെ അറ്റ വില്‍പന നടത്തി. രൂപ ദുര്‍ബലമാകുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. അതേസമയം ജൂലൈയിലെ ഡോളര്‍ വില്‍പന, ജൂണിനെ അപേക്ഷിച്ച് കുറവാണ്.
ജൂണില്‍ ആര്‍ബിഐ 3.6 ബില്യണ്‍ ഡോളര്‍ വില്‍പന നടത്തിയിരുന്നു. രൂപ കനത്ത ഇടിവ് നേരിടുമ്പോഴും ആര്‍ബിഐ വിപണി ഇടപെടല്‍ കുറച്ചു.
ജൂലൈയില്‍, 2022 സെപ്തംബറിന് ശേഷമുള്ള ഏറ്റവും കൂടിയ തോതിലുള്ള പ്രതിമാസ ഇടിവിനാണ് രൂപ സാക്ഷ്യം വഹിച്ചത് അതായത് 2 ശതമാനം വീഴ്ച.
ജൂലൈ അവസാനത്തോടെ, ആര്‍ബിഐയുടെ അറ്റ കുടിശ്ശിക ഫോര്‍വേഡ് സെയില്‍സ് 57.85 ബില്യണ്‍ ഡോളറാണ്. അതായത്, ഫോര്‍വേഡ് കരാറുകള്‍ വഴി ഭാവിയില്‍ വില്‍ക്കാന്‍ ആര്‍ബിഐ പ്രതിജ്ഞാബദ്ധമായ യുഎസ് ഡോളറിന്റെ ആകെ മൂല്യം. പിന്നീടുള്ള തീയതിയില്‍ ഡോളര്‍ വില്‍ക്കുന്നതിനുള്ള കരാറുകളാണിവ.
ഭാവിയിലെ കറന്‍സി അപകടസാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ ഫോര്‍വേഡ് കരാറുകള്‍ ഉപകരിക്കും. ജൂണിലിത് 60.4 ബില്യണ്‍ ഡോളറായിരുന്നു. രൂപയിലെ അസ്ഥിരത കുറയ്ക്കുന്നതിന് ആര്‍ബിഐ പതിവായി സ്‌പോട്ട്, ഫോര്‍വേഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റുകളില്‍ ഇടപെടുന്നു.