
ന്യൂഡല്‍ഹി: ഫിന്‍ടെക് സ്ഥാപനങ്ങള്‍ അവര്‍ക്കനുവദിച്ച ലൈസന്‍സ് പരിധിയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ലൈസന്‍സിതര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ ഇത്തരം സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ലൈസന്‍സ് ഇതര പ്രവര്‍ത്തനങ്ങളിലേര്‍പ്പടണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങിയിരിക്കണം. ഡിജിറ്റല്‍ വായ്പാദാതാക്കള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വരുന്ന ആഴ്ചയില്‍ പുറത്തിറക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നൂതന ആവിഷ്‌ക്കാരത്തോട് തുറന്ന സമീപനമാണുള്ളത്. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുവേണം ഡിജിറ്റല്‍ ആവാസവ്യവസ്ഥ പ്രവര്‍ത്തിക്കാന്‍, ഗവര്‍ണര്‍ പറഞ്ഞു. ഫിന്‍ടെക്, വന്‍കിട ടെക് സ്ഥാപനങ്ങള്‍ കാരണം സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ ഈയിടെ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി റിപ്പോര്‍ട്ടില്‍ (എഫ്എസ്ആര്‍) ആര്‍ബിഐ രേഖപ്പെടുത്തിയിരുന്നു.
പുതിയ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും അതുകൊണ്ടുതന്നെ അവയെ എങ്ങിനെ നിയന്ത്രിക്കാമെന്ന് ആലോചിക്കുകയാണെന്നും കേന്ദ്രബാങ്ക് ഈയിടെ അറിയിച്ചു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ ബാങ്കുകളേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളേയും പ്രാപ്തമാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ആര്‍ബിഐ.
ഇതിന്റെ ഭാഗമായി കൂടിയാലോചന റിപ്പോര്‍ട്ട് കേന്ദ്രബാങ്ക് ഉടന്‍ പുറത്തിറക്കും.