
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയത് സുപ്രീം കോടതിയില്‍ ന്യായീകരിച്ച് ആര്‍ബിഐയും (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), കേന്ദ്ര സര്‍ക്കാറും. അവശ്യം വേണ്ട നടപടി ആയിരുന്നു നോട്ട്‌നിരോധനമെന്ന് അഭിഭാഷകര്‍ പറഞ്ഞു.കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി ഹാജരായപ്പോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ആര്‍ബിഐയെ പ്രതിനിധീകരിച്ചത്.
അഞ്ചംഗ ബെഞ്ചാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വാദങ്ങള്‍ കേള്‍ക്കുന്നത്. കറന്‍സി നിര്‍വഹണം കേന്ദ്രത്തിന് കൈമാറാന്‍ ആര്‍ബിഐയ്ക്ക് സാധിക്കുമെന്ന് എജി പറയുന്നു. മാത്രമല്ല, നടപടി ക്രമങ്ങള്‍ പാലിച്ചാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്.
ആര്‍ബിഐയുടെയും സര്‍ക്കാരിന്റെയും റോളുകള്‍ മാറ്റിമറിച്ചെന്നും ആവശ്യമായ നടപടിക്രമങ്ങള്‍ ഉപേക്ഷിച്ചെന്നും വാദിക്കുന്നത് ശരിയല്ലെന്ന് ആര്‍ബിഐ പറഞ്ഞു.ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് വിധേയപ്പെട്ട് പ്രവര്‍ത്തിച്ചു എന്നത് വസ്തുതാവിരുദ്ധമാണ്.നിയമാനുസൃതമായ ഒരു ലക്ഷ്യത്തോടെ, വിശ്വാസത്തോടെ എടുത്ത ദൃഢമായ നടപടിയായിരുന്നു നോട്ടുനിരോധനം.
തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഒരു പിഴവും ഇല്ലെന്നും ഏകപക്ഷീയമോ ചടുലമോ ആയല്ല തീരുമാനമെന്നും ആര്‍ബിഐ ബോധിപ്പിച്ചു.
നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍, ബിവി നാഗരത്‌ന എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
വാദം കേള്‍ക്കല്‍ നാളെയും തുടരും.