മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്ന് മുംബൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ടർമാരുടെ യോഗം ചേർന്നു. ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോളവും ആഭ്യന്തരവുമായ വെല്ലുവിളികൾ, സമീപകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുടെ സ്വാധീനം എന്നിവ ബോർഡ് അവലോകനം ചെയ്തു. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലെ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്യുകയും, 2021-22 അക്കൗണ്ടിംഗ് വർഷത്തേക്കുള്ള റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടും അക്കൗണ്ടുകളും അംഗീകരിക്കുകയും ചെയ്തു.
2021-22 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര ഗവൺമെന്റിന് മിച്ചമായി 30,307 കോടി രൂപ കൈമാറാൻ ബോർഡ് അംഗീകാരം നൽകി, അതേസമയം കണ്ടിൻജൻസി റിസ്ക് ബഫർ 5.50% ആയി നിലനിർത്താൻ ബോർഡ് തീരുമാനിച്ചു. ഡെപ്യൂട്ടി ഗവർണർമാരായ മഹേഷ് കുമാർ ജെയിൻ, മൈക്കൽ ദേബബ്രത പത്ര, രാജേശ്വര റാവു, റാബി ശങ്കർ, സെൻട്രൽ ബോർഡിന്റെ മറ്റ് ഡയറക്ടർമാർ, വി. സതീഷ് മറാട്ടെ, ഗുരുമൂർത്തി, രേവതി അയ്യർ, സച്ചിൻ ചതുർവേദി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത്, ഫിനാൻഷ്യൽ സർവീസസ് വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് മൽഹോത്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു.