
ജയ്പുർ: ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന് ഇനി പുതിയ ഉടമസ്ഥർ. അമേരിക്കൻ സംരംഭകനായ കൽ സൊമാനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രാജസ്ഥാനെ ഏറ്റെടുത്തു. ഫ്രാഞ്ചൈസിയെ ഏകദേശം 15,286 കോടി രൂപയ്ക്കാണ് (1.63 ബില്ല്യൺ യുഎസ് ഡോളർ) സ്വന്തമാക്കിയതെന്നാണ് വിവരം.
രാജസ്ഥാന്റെ മുഴുവൻ ഓഹരികളും വാങ്ങിയതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നേരത്തേ രാജസ്ഥാനിൽ ചെറിയ ഓഹരി സ്വന്തമാക്കിയയാളാണ് സൊമാനി.
ഇതോടെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള ഫ്രാഞ്ചൈസിയായി രാജസ്ഥാൻ മാറി. ഒരു ബില്ല്യൺ യുഎസ് ഡോളറിലധികം തുകയ്ക്ക് വിൽക്കുന്ന ആദ്യ ഐപിഎൽ ടീമായും രാജസ്ഥാൻ മാറി. നേരത്തേ 940 മില്ല്യൺ യുഎസ് ഡോളറിനാണ് സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റൻസിന്റെ 67% ഓഹരികൾ ടൊറന്റ് ഗ്രൂപ്പ് വാങ്ങിയതാകട്ടെ 575 മില്ല്യൺ യുഎസ്‌ഡോളറിനാണ്. രാജസ്ഥാന്റേതാകട്ടെ ഒരു ബില്ല്യണും കടന്ന് 1.63 ബില്ല്യൺ യുഎസ് ഡോളറിലെത്തി.
രാജസ്ഥാനെ വിൽക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ട് ആറുമാസത്തോളമായി. നൂറ് ശതമാനം ഓഹരികളും വിൽക്കാൻ ഉടമസ്ഥർ അന്ന് തന്നെ തീരുമാനിച്ചിരുന്നു. കരാർ ഒപ്പിട്ടെങ്കിലും മറ്റ് നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
അതിനാൽ 2026 സീസണിന് ശേഷമമായിരിക്കും ഈ ഉടമസ്ഥക്കൈമാറ്റമുണ്ടാകുകയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മറ്റൊരു ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിൽപ്പനയും അന്തിമഘട്ടത്തിലാണ്. ഇതിനേക്കാൾ ഉയർന്ന തുകയ്ക്ക് ആർസിബിയെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.






