
ന്യൂഡല്‍ഹി:സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറുകള്‍ക്ക് പേരുകേട്ട സെമികണ്ടക്ടര്‍ കമ്പനി,ക്വാല്‍കോം, ഇന്ത്യയില്‍ ചിപ്പ് പാക്കേജിംഗ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നു. ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റിലെ (OSAT) ഇന്ത്യയുടെ വളരുന്ന ശേഷി പ്രയോജനപ്പെടുത്തുന്നതിനായി ടാറ്റ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിതരണക്കാരുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ആകാശ് പാല്‍ഖിവാല ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ത്യയിലെ പുതിയ ഫാബ്രിക്കേഷന്‍ (ഫാബ്) കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പാല്‍ഖിവാല പറഞ്ഞു. ചിപ്പ് വിതരണ ശൃംഖലയിലെ സെമികണ്ടക്ടര്‍ വേഫറുകള്‍ നിര്‍മ്മിക്കുന്ന പ്രക്രിയയെയാണ് ഫാബ്രിക്കേഷന്‍ എന്ന് പറയുന്നത്. ഇത് ധാരാളം മൂലധനം ആവശ്യമുള്ളതും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. നിലവില്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള സെമികണ്ടക്ടര്‍ ഫാബ് ഇല്ല. എന്നാല്‍ സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ ദൗത്യത്തിന് കീഴില്‍ ഇത് ആരംഭിക്കാനായി നിരവധി പ്രപ്പോസലുകളുണ്ട്.
ക്വാല്‍കോം ചിപ്പുകള്‍ നിര്‍മ്മിക്കുന്നില്ല. മറിച്ച് അവ രൂപകല്‍പ്പന ചെയ്യുകയും തായ്വാനിലെ ടിഎസ്എംസി, ദക്ഷിണ കൊറിയയിലെ സാംസങ് തുടങ്ങിയ ഫൗണ്ടറികള്‍ക്ക് ഉല്‍പ്പാദനം ഔട്ട്‌സോഴ്‌സ് ചെയ്യുകയും ചെയ്യുന്നു. പാക്കേജിംഗിനും പരിശോധനയ്ക്കുമായി ഇന്ത്യന്‍ വിതരണക്കാരുമായി ഇടപഴകുന്നതിലൂടെ, ക്വാല്‍കോം അതിന്റെ വിതരണ ശൃംഖലയുടെ ഒരു ഭാഗം പ്രാദേശികവല്‍ക്കും. ആഗോള സെമികണ്ടക്ടര്‍ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ ഇത് പിന്തുണയ്ക്കുന്നു.