
മോസ്‌ക്കോ: ഇന്ത്യയേയും ചൈനയേയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ താരിഫ് നയങ്ങള്‍ അവര്‍ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യന്‍ നയ വിദഗ്ധരുടെ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യയുമായി ഊര്‍ജ്ജ വ്യാപാരം കുറയ്ക്കാന്‍ ഇന്ത്യയേയും ചൈനയേയും നിര്‍ബന്ധിക്കുകയാണ് യുഎസ്. ഇതിനായി അവരുടെ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്തി.
എന്നാല്‍ നീക്കം ആഗോളതലത്തില്‍ സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന പലിശ നിരക്ക് നിലനിര്‍ത്താന്‍ ഫെഡ് റിസര്‍വിനെ (യുഎസ് കേന്ദ്രബാങ്ക്) നിര്‍ബന്ധിതരാക്കുകയും ചെയ്യും. യുഎസ് വളര്‍ച്ച ഇതോടെ പുറകോട്ടടിക്കും. ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങാത്ത രാഷ്ട്രങ്ങ്ങളാണ് ഇന്ത്യയും ചൈനയുമെന്നും പുട്ടിന്‍ പറഞ്ഞു.
ഇരു രാഷ്ട്രങ്ങള്‍ക്കും ശക്തമായ ദേശീയ താല്‍പര്യങ്ങളും സ്വതന്ത്ര വിദേശ നയങ്ങളുമുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നും ഇന്ത്യയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന യുഎസ്, റഷ്യയില്‍ നിന്നും വന്‍തോതില്‍ യുറേനിയം വാങ്ങുന്ന കാര്യം പുട്ടിന്‍ ഓര്‍മ്മിപ്പിച്ചു. ഡിസംബര്‍ 5,6 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പുട്ടിന്റെ നിരീക്ഷണം. 2022 ഫെബ്രുവരിയില്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം പുട്ടിന്റെ റഷ്യയിലേയ്ക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചേര്‍ന്ന് നിരവധി തന്ത്രപ്രധാന കരാറുകളില്‍ പുട്ടിന്‍ ഒപ്പുവച്ചേയ്ക്കും. 70 ശതമാനം സാങ്കേതികവിദ്യ കൈമാറ്റത്തോടെ ഇന്ത്യയ്ക്ക് എസ് യു-57 യുദ്ധവിമാനങ്ങള്‍ നല്‍കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംയുക്ത ഉല്‍പ്പാദനത്തിന് അനുവദിക്കുന്ന തരത്തില്‍ മിക്ക നിര്‍മ്മാണ പരിജ്ഞാനവും ഘടകങ്ങളും ഇന്ത്യയുമായി പങ്കിടും.
ഇന്ത്യ എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ അധിക യൂണിറ്റുകള്‍ തേടുന്നു. കൂടാതെ നൂതന എസ് -500 സിസ്റ്റത്തിന്റെ സംയുക്ത ഉത്പാദനത്തില്‍ താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. നാവികസേനയ്ക്കുള്ള ഉപകരണങ്ങളും ചര്‍ച്ചയുടെ ഭാഗമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന ഭാഗമായി കൃഷി ഉയര്‍ന്നുവന്നിട്ടുണ്ട്, ഇന്ത്യയിലേക്കുള്ള വളങ്ങളുടെ വിതരണം റഷ്യ വിപുലീകരിക്കുന്നു, കൂടാതെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംയുക്ത ഉല്‍പ്പാദനം ഇരുപക്ഷവും പര്യവേക്ഷണം ചെയ്യുന്നു. റഷ്യന്‍ ഉപപ്രധാനമന്ത്രിയുടെ സമീപകാല ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.