ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

പ്രാദേശിക ഭാഷ നന്നായി അറിയാവുന്നവർക്ക് ജോലി നൽകാൻ പൊതുമേഖലാ ബാങ്കുകൾ

കൊച്ചി: പ്രാദേശിക ഭാഷയറിയുന്ന ഉദ്യോഗാർഥികൾക്കായി പൊതുമേഖലാ ബാങ്കുകൾ അവരുടെ വാതിലുകൾ കൂടുതൽ തുറക്കുന്നു. ഇതിന്റെ ഭാഗമായി നിയമന നയങ്ങളിലും പരിശീലനത്തിലും കാതലായ മാറ്റങ്ങൾ വരുത്താൻ ബാങ്കുകൾ ഒരുങ്ങുകയാണ്.

ബാങ്കിങ് ജീവനക്കാർക്ക് ഉപഭോക്താക്കളുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതിനാൽ ബ്രാഞ്ചുകളിൽ ജോലിചെയ്യുന്നവർക്ക് പ്രാദേശിക ഭാഷകളിൽ നല്ല പരിചയം ഉണ്ടായിരിക്കണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ അടുത്തയിടെ നിർദേശിച്ചിരുന്നു. ഇതിന്റെ കൂടെ വെളിച്ചത്തിലാണ് പൊതുമേഖലാ ബാങ്കുകൾ ഇത്തരമൊരു മാറ്റത്തിന് തയാറെടുക്കുന്നത്. കർണാടകയിലും മറ്റും ഭാഷയുടെ പേരിൽ ബാങ്ക് ഓഫിസറും ഉപയോക്താക്കളും തമ്മിൽ നടന്ന പോരും ദേശീയതലത്തിൽ ചർച്ചയായിരുന്നു.

ക്ലറിക്കൽ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരുടെ നിയമനം സംസ്ഥാന തലത്തിലായതിനാൽ അവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പ്രശ്‌നമല്ല. 3 വർഷം കഴിയുമ്പോൾ ബാങ്ക് ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകുമെങ്കിലും ക്ലറിക്കൽ വിഭാഗത്തിലുള്ളവരെ സംസ്ഥാനത്തിന് പുറത്തേക്കു വിടാറില്ല.

എന്നാൽ പൊതുമേഖലാ ബാങ്കുകളിലെ ഓഫിസർമാരെ തിരഞ്ഞെടുക്കുന്നത് ദേശീയ തലത്തിൽ നടക്കുന്ന കേന്ദ്രീകൃത പരീക്ഷയിലൂടെയാണ്. അതുകൊണ്ടു തന്നെ അ വരെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും വിന്യസിക്കേണ്ടി വരും. 3 വർഷം കൂടുമ്പോഴുള്ള സ്ഥലം മാറ്റത്തിൽ ഇവർക്ക് പ്രാദേശിക ഭാഷയറിയാത്ത സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടതായും വരും.

എസ്ബിഐ ചെയർമാൻ സി.എസ്.സെട്ടി പറയുന്നത് എസ്ബിഐയുടെ ഓഫിസർ പോസ്റ്റിലേക്ക് വരുന്ന അപേക്ഷകളിൽ 10% മാത്രമാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ളതെന്നാണ്. ബാക്കി 90 ശതമാനവും വരുന്നത് മറ്റുള്ള ഭാഗങ്ങളിൽ നിന്നാണ്. അതുകൊണ്ടു തന്നെ തെക്കൻ സംസ്ഥാനങ്ങളിൽ വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓഫിസർമാരെ നിയമിക്കാൻ ബാങ്ക് നിർബന്ധിതമാകും.

ഏറ്റവും കൂടുതൽ ശാഖകളുള്ള എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവയാണ് ഇപ്പോൾ ഈ പ്രശ്‌നം നേരിടുന്നത്. പൊതുമേഖലാ ബാങ്കുകളിലെ ആകെയുള്ള 7,48,000 ജീവനക്കാരിൽ, 4,14,000 പേർ ഓഫിസർ തസ്തികകളിൽ ജോലിചെയ്യുന്നവരാണ്. ഇത് ആകെ ജീവനക്കാരുടെ 55% വരും.

ഇപ്പോൾ തന്നെ ഓഫിസർമാർക്ക് പ്രാദേശിക ഭാഷയിൽ പരിശീലനം നൽകാനുള്ള സംവിധാനങ്ങളുണ്ടെന്ന് ബാങ്കുകൾ പറയുന്നു. എന്നാൽ അവ അത്ര ഫലപ്രദമല്ലന്നും ബാങ്കുകൾ തന്നെ സമ്മതിക്കുന്നു.

X
Top