
മുംബൈ: ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകളുടെ മാർക്കറ്റ് ക്യാപ്പിൽ സമീപ വർഷങ്ങളിൽ വൻ വർധനയുണ്ടായതായി കണക്കുകൾ. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വാല്യുവേഷനുള്ള സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി, വിപണി മൂല്യത്തിൽ രണ്ടാമതുള്ള ഐ.സി.ഐ.സി.ഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ മാർക്കറ്റ് ക്യാപ്പാണ് വലിയ തോതിൽ വർധിച്ചത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ നടക്കാനിരിക്കുന്ന ലയനം, സ്വകാര്യ മേഖലാ ബാങ്കുകൾക്കും വിപണി മത്സരം സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇത്തരത്തിൽ ഏറ്റവുമധികം വിപണി മൂല്യമുള്ള ആദ്യ 10 ബാങ്കുകളുടെ ആകെ മാർക്കറ്റ് ക്യാപ് 57% എന്ന നിലയിൽ നിന്ന് 78% എന്ന തോതിലേക്കാണ് ഉയർച്ച. 2020 സാമ്പത്തിക വർഷം മുതൽ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദം വരെയാണ് ഇത്തരത്തിൽ വർധനയുണ്ടായത്. അതായത് 5 വർഷത്തിൽ 21% വർധനയാണ് ഉണ്ടായത്.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മാർക്കറ്റ് ക്യാപ് ഇക്കാലയളവിൽ 4.89 ലക്ഷം കോടി രൂപയിൽ നിന്ന് 15.44 ലക്ഷം കോടിയായി മാറി. സമാന കാലയളവിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വാല്യുവേഷൻ 1.79 ലക്ഷം കോടിയിൽ നിന്ന് 9.84 ലക്ഷം കോടിയിലേക്കും, കൊടക് മഹീന്ദ്ര ബാങ്കിന്റെ മാർക്കറ്റ് ക്യാപ് 1.99 ലക്ഷം കോടി രൂപയിൽ നിന്ന് 4.18 ലക്ഷം കോടി രൂപയിലേക്കും വർധന നേടി.
അതേ സമയം ടോപ് 10 ബാങ്കുകളുടെ ആകെ വിപണി മൂല്യത്തിൽ പൊതുമേഖലാ ബാങ്കുകളും ഗണ്യമായ സംഭാവന നൽകുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നീ ബാങ്കുകളുടെ ആകെ മാർക്കറ്റ് ക്യാപ് ടോപ് 10 ബാങ്കുകളുടെ വിപണി മൂല്യത്തിന്റെ ഏകദേശം 43% വരും.
നിലവിൽ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ബാങ്കാണ് ആക്സിസ് ബാങ്ക്. മാർക്കറ്റ് ക്യാപ് അടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തുള്ളത് കൊടക് മഹീന്ദ്ര ബാങ്കാണ്.
വലിയ സ്വകാര്യ ബാങ്കുകളെ സംബന്ധിച്ച് ഓപ്പറേഷണൽ അടിസ്ഥാനത്തിലുള്ള മികച്ച കാര്യക്ഷമത, ശക്തമായ അസറ്റ് ക്വാളിറ്റി, വൈവിദ്ധ്യവൽക്കരിക്കപ്പെട്ട വരുമാന മാർഗങ്ങൾ, അഗ്രസീവായ റീടെയിൽ/കോർപറേറ്റ് വികസനം എന്നിവയെല്ലാം നേട്ടമായി മാറാറുണ്ട്. ഡിജിറ്റൽ ലെൻഡിങ്ങുമായി ബന്ധപ്പെട്ടും കനത്ത വിപണി മത്സരമാണ് നടക്കുന്നത്.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ ലയനം അടുത്ത വർഷം ഏപ്രിലോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ബാങ്കുകളും കനത്ത വിപണി മത്സരത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളിലാണ്.






