
എസ്ബിഐയിൽ ഈ 3 ബാങ്കുകൾ ലയിക്കാൻ സാധ്യത
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം വീണ്ടും ഊർജിതമാക്കി കേന്ദ്ര സർക്കാർ. നിലവിൽ പൊതുമേഖലയിൽ 12 ബാങ്കുകളാണുള്ളത്. ഇവയിലൊന്നുപോലും ‘മെഗാ ബാങ്കുകൾ’ അല്ല. ലോകത്തെ ഏറ്റവും വലിയ 40 ബാങ്കുകളിൽ ഇന്ത്യയിൽ നിന്ന് ഒന്നുപോലുമില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐക്ക് സമീപകാല കണക്കുകൾ പ്രകാരം 47-ാം സ്ഥാനമാണുള്ളത്. ഈ സാഹചര്യത്തിൽ, രാജ്യത്തെ നിലവിലെ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് മെഗാ ബാങ്കുകളെ സൃഷ്ടിക്കാനാണ് കേന്ദ്ര നീക്കം.
ലോകത്തെ ആദ്യ 20 ബാങ്കുകളുടെ കൂട്ടത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരികയാണ് ലക്ഷ്യം. നിതി ആയോഗ് മുന്നോട്ടുവച്ച ലയന നിർദേശത്തിന്റെ നടപടികളിലേക്ക് ധനമന്ത്രാലയം കടന്നിരുന്നു. ലയനം വീണ്ടും നടപ്പാക്കാനുള്ള നീക്കത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസും (പിഎംഒ) ഇടപെട്ടിട്ടുണ്ട്.
അടുത്ത സാമ്പത്തിക വർഷത്തേക്കായി ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിൽ ബാങ്ക് ലയനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കാം. ലയനത്തിന് പുറമേ പൊതുമേഖലാ ബാങ്കുകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി (എഫ്ഡിഐ) ഉയർത്തുന്നതും കേന്ദ്രം പരിഗണിക്കും. 2021-22ലെ ബജറ്റിൽ ധനമന്ത്രി ബാങ്ക് സ്വകാര്യവൽക്കരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന്റെ തുടർ നടപടികളും പ്രതീക്ഷിക്കാം.
ബാങ്കുകളുടെ ലയന സാധ്യത ഇങ്ങനെ:
∙എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിൽ മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിക്കാനാണ് സാധ്യത.
∙ ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിലും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിലും ലയിപ്പിച്ചേക്കും.
∙ ബാങ്ക് ഓഫ് ബറോഡയെ സ്വതന്ത്രമായി നിലനിർത്താനും സാധ്യതയുണ്ട്.
എന്തിന് ബാങ്ക് ലയനം?
അടിസ്ഥാന സൗകര്യം, മാനുഫാക്ചറിങ് തുടങ്ങി രാജ്യത്തെ വമ്പൻ വികസന പദ്ധതികൾക്ക് അതിനനുസൃതമായ വലിയതുക തന്നെ വായ്പയായി വേണ്ടിവരും. നിലവിൽ ഇതിന് രാജ്യത്തെ ബാങ്കുകൾ ബുദ്ധിമുട്ടുന്നുണ്ട്. ലയനത്തിലൂടെ മെഗാ ബാങ്കുകളെ സൃഷ്ടിച്ചാൽ ഈ പ്രതിസന്ധി മറികടക്കാനാകുമെന്ന് കേന്ദ്രം കരുതുന്നു.
മാത്രമല്ല, പൊതുമേഖലയിൽ 10ൽ താഴെ മാത്രം ബാങ്കുകൾ മതിയെന്ന ആലോചന നേരത്തെയും കേന്ദ്രത്തിനുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടത് ലോകോത്തര നിലവാരമുള്ള വമ്പൻ ബാങ്കുകളാണെന്നും ഇതിനായി റിസർവ് ബാങ്കുമായും ബാങ്കിങ് രംഗത്തുള്ളവരുമായും ചർച്ചകൾ തുടരുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു.
ഏഷ്യയിൽതന്നെ ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങവിൽ മെഗാ ബാങ്കുകളുണ്ട്. ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിൽ ആദ്യ 4 എണ്ണവും ചൈനയുടേതാണ്.






