
ന്യൂഡല്‍ഹി: മികച്ച റീട്ടെയില്‍ വായ്പ വളര്‍ച്ച, കോര്‍പറേറ്റ് ലോണുകളുടെ തിരിച്ചുപിടുത്തം, ആസ്തി ഗുണമേന്മ, വായ്പ ചെലവ് കുറയല്‍ എന്നിവ മാര്‍ച്ച് പാദത്തില്‍ ബാങ്കിംഗ് മേഖലയുടെ മുഖമുദ്രകളാകും. പ്രമുഖ ബ്രോക്കറേജ് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ 15.7 ശതമാനത്തിന്റെ വായ്പ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
കവറേജിലുള്ള ബാങ്കുകള്‍ അറ്റാദായം 44 ശതമാനവും പ്രവര്‍ത്തന ലാഭം 30 ശതമാനവും വര്‍ദ്ധിപ്പിക്കും. 2023 ല്‍ പൊതുമേഖല ബാങ്കുകള്‍ സ്വകാര്യബാങ്കുകളേക്കാള്‍ മികച്ച പ്രകടനം നടത്തിയേക്കും.
പൊതുമേഖല ബാങ്കുകളുടെ വളര്‍ച്ച 56 ശതമാനവും സ്വകാര്യബാങ്ക് വളര്‍ച്ച 39 ശതമാനവുമാകും. ബാങ്കുകള്‍ പുറത്തുവിട്ട താല്‍ക്കാലിക കണക്കുകള്‍ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വായ്പ വളര്‍ച്ച 17 ശതമാനമാണ്.
നിക്ഷേപം 21 ശതമാനവും ഉയര്‍ന്നു. ലോണ്‍ ബുക്കില്‍ ചില്ലറ വായ്പ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. വാണിജ്യ, ഗ്രാമീണ വായ്പകള്‍ 30 ശതമാനമുയര്‍ന്നു. മൊത്തകച്ചവട വായ്പ വളര്‍ച്ച 12.5 ശതമാനമാണ്.
നാലാംപാദത്തില്‍ 18835 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്ക് നേടിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 20.8 ശതമാനം ഉയര്‍ച്ച. പാദാടിസ്ഥാനത്തില്‍ 8.7 ശതമാനമാണ് നിക്ഷേപം ഉയര്‍ന്നത്.
അതേസമയം ഫെഡറല്‍ ബാങ്ക് വായ്പ വളര്‍ച്ച 20 ശതമാനം അധികമായി. ചെറുകിട വായ്പ വളര്‍ച്ച 19 ശതമാനമാണ്. സ്വീകരിച്ച നിക്ഷേപം 1.82 ലക്ഷം കോടി രൂപയില്‍ നിന്നും 2.13 ലകഷം കോടി രൂപയായി ഉയരുകയും ചെയ്തു.
മോതിലാല്‍ ഓസ്വാള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ബാങ്ക് ഓഹരികള്‍ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് എന്നിവയുടേതാണ്.
ആക്‌സിസ് സെക്യൂരിറ്റീസ് ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് ഓഹരികളേയും തെരഞ്ഞെടുക്കുന്നു.






