
മുംബൈ: പുതിയ ഓർഡറുകളിലെ ശക്തമായ വളർച്ചയ്ക്കിടെ ഇന്ത്യയുടെ സ്വകാര്യമേഖലയിലെ ഉത്പാദനം കഴിഞ്ഞ മൂന്നു മാസത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള മുന്നേറ്റം കാഴ്ചവച്ചുവെന്ന് എസ് ആൻഡ് പി ഗ്ലോബൽ പുറത്തുവിട്ട പ്രാഥമിക സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.
എസ് ആൻഡ്പി ഗ്ലോബൽ തയാറാക്കിയ എച്ച്എസ്ബിസിയുടെ ഇന്ത്യ കോമ്പോസിറ്റ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ജനുവരിയിലെ 58.4ൽനിന്ന് ഫെബ്രുവരിയിൽ 59.3 ആയി ഉയർന്നു. 50ന് മുകളിലുള്ള ഏതു നിരക്കും സാമ്പത്തികവളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
നിർമാണ മേഖലയിലെ ഉത്പാദനത്തിലുണ്ടായ വേഗത്തിലുള്ള കുതിച്ചുചാട്ടമാണ് ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഫെബ്രുവരിയിലെ മാനുഫാക്ചറിംഗ് പിഎംഐ ജനുവരിയിലെ 55.4ൽനിന്ന് 57.5 ആയി ഉയർന്നു. പുതിയ ഓർഡറുകൾ, ഉത്പാദനം, തൊഴിൽ, സപ്ലയർമാരുടെ വിതരണ സമയം, സ്റ്റോക്ക് ശേഖരം എന്നീ സൂചികകളുടെ ശരാശരി അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. നവംബർ മുതൽ ജനുവരി വരെയുള്ള ഇടിവിനുശേഷം നാലു മാസത്തെ ഏറ്റവും മികച്ച പ്രകടനമാണിത്.
എച്ച്എസ്ബിസി ഫ്ളാഷ് ഇന്ത്യ സർവീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക ജനുവരിയിലെ 58.5ൽനിന്ന് ഫെബ്രുവരിയിൽ 58.4 ആയി നേരിയ തോതിൽ കുറഞ്ഞു.
നവംബറിനുശേഷം ഏറ്റവും വേഗത്തിൽ പുതിയ ഓർഡറുകളുടെ വർധനയാണ് ഈ മുന്നേറ്റത്തിനു കരുത്ത് പകർന്നത്. ശക്തമായ ആവശ്യം, പ്രാദേശിക ടൂറിസം, മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ എന്നിവയാണ് ഈ വളർച്ചയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില്പന അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ വർധിച്ചതും മൊത്തത്തിലുള്ള ആവശ്യകത ഉയരാൻ ഇടയാക്കി. നിർമാണ മേഖലയിലെ വളർച്ച നാലു മാസത്തെ ഉയർന്ന നിരക്കിലെത്തിയപ്പോൾ, സേവന മേഖലയിലെ വളർച്ച 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴുകയും ചെയ്തു.
കയറ്റുമതിയുടെ കാര്യത്തിൽ സേവനദാതാക്കൾ മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ഓഗസ്റ്റിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് അന്താരാഷ്‌ട്ര ഓർഡറുകൾ വർധിച്ചത്. അതേസമയം, നിർമാണമേഖലയിൽ വിദേശ വില്പനയിലെ വർധന കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. രണ്ടു മേഖലകളെയും കൂട്ടി പരിശോധിക്കുമ്പോൾ കഴിഞ്ഞ സെപ്റ്റംബറിനുശേഷമുള്ള ഏറ്റവും ശക്തമായ വളർച്ചയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്.
ഫെബ്രുവരിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്‍റെ വേഗത മൂന്നു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നിർമാണ, സേവന മേഖലകളിലെ കമ്പനികളിൽ ഒരേപോലെ തൊഴിൽ വളർച്ച നിരക്ക് ഉയർന്നു.






