
ന്യൂഡല്‍ഹി: ഉത്സവ സീസണിന് മുന്നോടിയായി ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തില്‍-പ്രത്യേകിച്ച് എസ് വിയുകളെ സംബന്ധിച്ച നിയമത്തില്‍-വ്യക്തത തേടി ആഢംബര കാര്‍ നിര്‍മ്മാതാക്കള്‍. ജിഎസ്ടി പരിഷ്‌ക്കരണം പ്രഖ്യാപിക്കാനിരിക്കെയാണ് നടപടി.
ഉപഭോക്താക്കള്‍ ജിഎസ്ടി പരിഷ്‌ക്കരണ നയങ്ങള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ അവര്‍ വാഹനങ്ങള്‍ വാങ്ങാന്‍ മടിക്കുകയാണ്. ഇത് വില്‍പനയെ തടസ്സപ്പെടുത്തുന്നു. ബിഎംഡബ്ല്യു, ഔഡി, മെഴ്സിഡസ് ബെന്‍സ് എന്നിവ ചൂണ്ടിക്കാട്ടി. ഇന്‍വെന്ററികള്‍ ആസൂത്രണം ചെയ്യാനോ ഓഫറുകള്‍ ആരംഭിക്കാനോ സാധിക്കുന്നില്ല.
ഡീലര്‍മാരും ചെറുകിട ഇറക്കുമതിക്കാരും ആശങ്കാകുലരാണ്. പെട്ടെന്നുള്ള നികുതി മാറ്റങ്ങള്‍ ലാഭത്തില്‍ സ്വാധീനം ചെലുത്തുകയും വാങ്ങുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. വാഹനങ്ങളുടെ അളവുകള്‍ മാത്രമല്ല, വിപണനം ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് പരിഗണിക്കുന്ന കൂടുതല്‍ പ്രായോഗികമായ ഒരു ജിഎസ്ടി ചട്ടക്കൂടാണ് വാഹന വ്യവസായം ആവശ്യപ്പെടുന്നത്.
നിലവിലെ മാദണ്ഡങ്ങള്‍ പ്രകാരം എഞ്ചിന്‍ വലിപ്പം, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം എന്നിവയെ അടിസ്ഥാനമാക്കിയാണ് എസ് യുവികളെ തരംതിരിക്കുന്നത്. ഇവയ്ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ചുമത്തപ്പെടുന്നു. മാത്രമല്ല, പരമ്പരാഗതമായി എസ് യുവികളില്‍ പെടാത്ത പല പ്രീമിയം മോഡലുകളും സാങ്കേതിക സവിശേഷതകള്‍ കാരണം ഇപ്പോഴും ഈ ഗണത്തിലാണ് പെടുന്നത്.
നിര്‍വചനം കാലഹരണപ്പെട്ടതാണെന്നും അവ ആധുനിക വാഹന രൂപകല്‍പ്പനയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും വാഹന നിര്‍മ്മാതാക്കള്‍ വാദിച്ചു. ഓണം, ദസറ, ദീപാവലി സീസണുകളില്‍ സാധാരണ കാര്‍ വില്‍പന കുതിച്ചുയരാറുണ്ട്.