
മുംബൈ: ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ ട്രസ്റ്റ്സിൽ അധികാര വടംവലി മുറുകുന്നതിനിടെ, നേതൃസ്ഥാനത്തിരിക്കുന്നവരോട് സ്വരം കടുപ്പിച്ച് കേന്ദ്രസർക്കാർ. ടാറ്റ ഇക്കാലമത്രയും പുലർത്തിയ അച്ചടക്കവും മര്യാദയും ധാർമികതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രം, സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് തടയിടുന്ന ട്രസ്റ്റികളെ വേണ്ടിവന്നാൽ പുറത്താക്കാനും നിർദേശിച്ചെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അധികാരത്തർക്കം പരസ്യമായതോടെ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ, വൈസ് ചെയർമാൻ വേണു ശ്രീനിവാസൻ, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ട്രസ്റ്റി ഡേരിയസ് ഖംബാട്ടാ എന്നിവർ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രി നിർമല സീതാരാമനും സംബന്ധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പായ ടാറ്റയിലെ പ്രശ്നങ്ങൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽതന്നെ അസ്വാരസ്യങ്ങൾക്ക് വഴിവയ്ക്കുമെന്നിരിക്കേയാണ്, കേന്ദ്ര ഇടപെടൽ.
ഏകദേശം 16 ലക്ഷം കോടി രൂപ സംയോജിതമൂല്യമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമാണ് ടാറ്റ സൺസ്. ടാറ്റ സൺസിന്റെ 66% ഓഹരി പങ്കാളിത്തമുള്ളത് ടാറ്റ ട്രസ്റ്റ്സിന്റെ പക്കലാണ്. ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ പ്രവർത്തനത്തിൽ ടാറ്റ സൺസിനെ മറികടന്ന് അധികാരം സ്ഥാപിക്കാൻ ചില ട്രസ്റ്റികൾ ശ്രമിച്ചതാണ് തർക്കങ്ങൾക്ക് വഴിവച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഡേരിയസ് ഖംബാട്ടാ, ജഹാൻഗീർ എച്ച്.സി. ജഹാൻഗീർ, പ്രമിത് ഝവേരി, മെഹിൽ മിസ്ത്രി എന്നീ ട്രസ്റ്റികൾ സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനം അംഗീകരിക്കുന്നതിൽ ഇടപെട്ടതും ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് ആവശ്യപ്പെട്ടതും തർക്കം വഷളാക്കിയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ടാറ്റയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് വിഷയത്തിൽ കേന്ദ്രം ഇടപെട്ടത്. ടാറ്റ ട്രസ്റ്റ്സും ടാറ്റ സൺസും രമ്യതയോടെ മുന്നോട്ടുപോകണമെന്നും നോയൽ ടാറ്റയുടെ നേതൃത്വത്തെ അംഗീകരിക്കണമെന്നും ട്രസ്റ്റിനുള്ളിലെ ചിലർതന്നെ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇതിനിടെ, ടാറ്റ ട്രസ്റ്റ്സിന്റെ ബോർഡ് യോഗം ഒക്ടോബർ 10ന് ചേരും. രത്തൻ ടാറ്റയുടെ മരണാനന്തരം കഴിഞ്ഞവർഷം ഒക്ടോബറിലാണ് ടാറ്റ ട്രസ്റ്റ്സിന്റെ നായകസ്ഥാനത്ത് നോയൽ ടാറ്റ എത്തുന്നത്.