
തിരുവനന്തപുരം: ഏപ്രില് ഒന്നുമുതല് വൈദ്യുതിനിരക്ക് വര്ധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷനുമുമ്പാകെ വൈദ്യുതിബോര്ഡ് സമര്പ്പിച്ചു. അടുത്ത നാലുവര്ഷത്തേക്കുള്ള നിരക്കുകളാണ് സമര്പ്പിച്ചിട്ടുള്ളത്. 2023-24 വര്ഷത്തേക്ക് യൂണിറ്റിന് 40 പൈസയുടെ വര്ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മിഷന്റെ ഹിയറിങ്ങിനുശേഷമേ അന്തിമ തീരുമാനമുണ്ടാകൂ.
ഈ സാമ്പത്തികവര്ഷം വൈദ്യുതിബോര്ഡിന് 2,939 കോടി രൂപ റവന്യൂകമ്മി ഉണ്ടാവുമെന്ന് കമ്മിഷന് നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാല് താരിഫ് വര്ധനയ്ക്ക് കമ്മിഷന് തടസ്സം നില്ക്കാനിടയില്ല.
മാര്ച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണില് ഏഴുശതമാനം വര്ധനയോടെ നിശ്ചയിച്ചത്. അഞ്ചുവര്ഷത്തേക്കുള്ള നിരക്കുവര്ധന അന്ന് വൈദ്യുതി ബോര്ഡ് സമര്പ്പിച്ചെങ്കിലും 2022-23 വര്ഷത്തേക്കുള്ളതു മാത്രമാണ് അന്ന് നിശ്ചയിച്ചത്.
ചുരുങ്ങിയസമയത്തില് ഹിയറിങ് നടത്തി വര്ധനനിരക്കില് കമ്മിഷന് തീരുമാനമെടുത്താല് ഏപ്രിലില് നിരക്കുവര്ധനയുണ്ടാവും. അതുണ്ടായില്ലെങ്കില് ഒന്നോ രണ്ടോ മാസം വൈകിയേക്കും.