
മുംബൈ: ഇന്ത്യയുടെ താപോര്‍ജ്ജ ഉത്പാദകരായ അദാനി പവര്‍, എന്‍ടിപിസി, ടോറന്റ് പവര്‍, ജെഎസ്ഡബ്ല്യു എനര്‍ജി, ടാറ്റ പവര്‍ കമ്പനികള്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. 2032 ഓടെ ഈ കമ്പനികള്‍ 5.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ താപോര്‍ജ്ജ ശേഷി 50 ജിഗാവാട്ടാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ഉയര്‍ന്ന വൈദ്യുതി ആവശ്യകത മുന്നില്‍കണ്ടാണിത്. ഉത്പാദനം ഉയര്‍ത്തുക വഴി ഊര്‍ജ്ജ സപ്ലേ സുസ്ഥിരമാകും. 2032 ആകുമ്പോഴേക്കും കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദന ശേഷി 41 ജിഗാവാട്ടാക്കി ഉയര്‍ത്താനാണ് അദാനി പവര്‍ ശ്രമിക്കുന്നത്. നിലവിലിത് 18.15 ജിഗാവാട്ടാണ്. 2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി കണക്കാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല വൈദ്യുതി ഉത്പാദകരായ എന്‍ടിപിസി 27 ജിഗാവാട്ട് ശേഷി കൂട്ടിച്ചേര്‍ക്കും. നിലവിലെ ശേഷി 62.8 ജിഗാവാട്ട്. ഒരു മെഗാവാട്ടിന് 8.34 കോടി രൂപ നിരക്കില്‍ ഇവരുടെ മൊത്തം നിക്ഷേപം 2.2 ലക്ഷം കോടി രൂപ കവിയും.
ജെഎസ്ഡബ്ല്യു ശേഷി നിലവിലെ 5.7 ജിഗാവാട്ടില്‍ നിന്നും 30.5 ജിഗാവാട്ടാക്കാനും ടാറ്റ പവര്‍ വന്‍ തോതിലുള്ള ഉത്പാദനവും ലക്ഷ്യമിടുന്നു. എന്നാല്‍ ഈ കമ്പനികള്‍ നിക്ഷേപ തുക വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയുടെ നിലവിലെ പവര്‍ ജനറേഷനായ 476 ജിഗാവാട്ടില്‍ 240 ജിഗാവാട്ട് താപോര്‍ജ്ജമാണ്. അതായത് ഏകദേശം 50.5 ശതമാനം. കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി 80-90 ജിഗാവാട്ട് അധികം ഉത്പാദനമാണ് 2032 ല്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ കാലയളവില്‍ രാജ്യത്തിന്റെ വൈദ്യുതി ആവശ്യം 400 ജിഗാവാട്ടായും 2047 ഓടെ 700 ജിഗാവാട്ടായും ഉയരും.