
അഹമ്മദാബാദ്: മാരുതി സുസുക്കിയുടെ ആദ്യ ആഗോള ഇലക്ട്രിക്ക് കാര്‍, ഇ-വിറ്റാര പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജ്‌റാത്തിലെ ഹന്‍സസല്‍പൂര്‍ പ്ലാന്റില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഇവിടെ നിര്‍മ്മിക്കുന്ന കാര്‍ കമ്പനി നൂറോളം രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടത്തും. ഗുജ്‌റാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സുസുക്കിയുടെ ഗുജ്‌റാത്ത് പദ്ധതി മെയ്ക്ക് ഇന്‍ ഇന്ത്യ ലക്ഷ്യത്തിലേയ്ക്കുള്ള കുതിച്ചുചാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ ജപ്പാനിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് ആഗോള കമ്പനികള്‍ക്ക് രാജ്യത്തിലുള്ള വിശ്വാസത്തേയാണ് കുറിക്കുന്നത്.
സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക്ക് വാഹനമാണ് ഇ-വിറ്റാര. യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികളുള്‍പ്പടെ നൂറോളം രാജ്യങ്ങളിലേയ്ക്ക് ഗുജ്‌റാത്തില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ കയറ്റുമതി ചെയ്യും. ഇത് ഇന്ത്യയെ കമ്പനിയുടെ ആഗോള നിര്‍മ്മാണ കേന്ദ്രമാക്കുന്നു.
സംസ്ഥാനത്തെ ടിഡിഎസ് ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റില്‍ ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉത്പാദനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തോഷിബ, ഡെന്‍സോ, സുസുക്കി എന്നിവയുടെ സംയുക്ത സരംഭമാണ് പ്ലാന്റ്.