
ന്യൂഡൽഹി: പ്രധാനമന്ത്രി ഇലക്‌ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിള്‍ എൻഹാൻസ്മെൻ്റ് (പിഎം ഇ-ഡ്രൈവ്) പദ്ധതി സർക്കാർ രണ്ട് വർഷത്തേക്ക് (2028 മാർച്ച് വരെ) നീട്ടി. അതേസമയം, ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും മുച്ചക്രവാഹനങ്ങള്‍ക്കുമുള്ള സബ്സിഡികള്‍ 2026 മാർച്ച് 31-ഓടെ നിർത്തലാക്കുമെന്നും ഘനവ്യവസായ മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തില്‍ പറയുന്നതായി ഓട്ടോകാർ പ്രൊഫഷണല്‍ റിപ്പോർട്ടു ചെയ്തു.
ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും ചാർജിങ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്ന 10,900 കോടി രൂപയുടെ പിഎം ഇ-ഡ്രൈവ് പദ്ധതി 2024 ഒക്ടോബർ ഒന്നിനാണ് ആരംഭിച്ചത്. തുടക്കത്തില്‍ 2026 മാർച്ച് 31-ന് ഇത് അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പുതിയ വിജ്ഞാപനത്തിലൂടെ പദ്ധതിയുടെ കാലാവധി 2028 മാർച്ച് 31 വരെയാണ് നീട്ടിയത്.
പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം ഇലക്‌ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍, ആംബുലൻസുകള്‍, ട്രക്കുകള്‍ എന്നിവ വാങ്ങുന്നതിന് 3,679 കോടി രൂപയുടെ ഡിമാൻഡ് ഇൻസെന്റീവുകള്‍ നല്‍കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അതേസമയം ഇലക്‌ട്രിക് ബസുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനും പൊതു ചാർജിങ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ടെസ്റ്റിങ് സൗകര്യങ്ങള്‍ നവീകരിക്കുന്നതിനുമായി 7,171 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 24.79 ലക്ഷം ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍, 3.16 ലക്ഷം മുച്ചക്രവാഹനങ്ങള്‍, 14,028 ബസുകളും ട്രക്കുകള്‍, കൂടാതെ 88,500 ഇലക്‌ട്രിക് വാഹന ചാർജിങ് സൈറ്റുകള്‍ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യും.
പിഎം ഇ-ഡ്രൈവ് പദ്ധതി പ്രകാരം 2024 ഒക്ടോബർ മുതല്‍ സർക്കാർ ഇലക്‌ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍, ഇലക്‌ട്രിക് ട്രക്കുകള്‍ക്കുള്ള സബ്സിഡികള്‍ 2024 ജൂലായില്‍ മാത്രമാണ് പ്രഖ്യാപിച്ചത്. ഇലക്‌ട്രിക് ആംബുലൻസുകള്‍ക്കുള്ള സബ്സിഡികള്‍ക്കും ചാർജിങ് സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള മാർഗനിർദേശങ്ങള്‍ അന്തിമഘട്ടത്തിലാണ്.
10 ശതമാനം ഇലക്‌ട്രിക് വാഹന വ്യാപനം കൈവരിക്കാത്ത വിഭാഗങ്ങള്‍ക്ക് മാത്രമേ 2026 മുതല്‍ ഡിമാൻഡ് ഇൻസെന്റീവുകള്‍ ആവശ്യമുള്ളൂ എന്ന് ഉന്നത ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതിനാല്‍, ഇലക്‌ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്കുള്ള ഡിമാൻഡ് ഇൻസെന്റീവുകള്‍ സർക്കാർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ സർക്കാർ നല്‍കുന്ന സബ്സിഡികള്‍ വാഹനത്തിൻ്റെ വില കുറയ്ക്കാൻ സ്വാഭാവികമായും സഹായിക്കും. ഇത് ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതില്‍ നിർണായകമാണ്. എന്നാല്‍, ഇവി ഉപയോഗം വർധിക്കുന്നതിനനുസരിച്ച് സർക്കാർ സബ്സിഡികള്‍ ക്രമേണ കുറച്ചുകൊണ്ടുവരികയാണ്.
കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് കിലോവാട്ട്-അവറിന് (kWh) 5,000 രൂപ സബ്സിഡിയും ഒരു വാഹനത്തിന് 10,000 രൂപയുടെ പരിധിയുമായാണ് പിഎം ഇ-ഡ്രൈവ് പദ്ധതി ആരംഭിച്ചത്. ഈ വർഷം ഏപ്രിലില്‍ ഈ ഇൻസെന്റീവ് കിലോവാട്ട്-അവറിന് 2,500 രൂപയായി പകുതിയായി കുറച്ചു.
ഇലക്‌ട്രിക് റിക്ഷകള്‍ക്ക് കിലോവാട്ട്-അവറിന് 5,000 രൂപ സബ്സിഡിയും ഒരു വാഹനത്തിന് 25,000 രൂപ പരിധിയും ലഭിച്ചിരുന്നു, അതേസമയം പാസഞ്ചർ, കാർഗോ ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് കഴിഞ്ഞ വർഷം കിലോവാട്ട്-അവറിന് 5,000 രൂപ സബ്സിഡിയും ഒരു വാഹനത്തിന് 50,000 രൂപ പരിധിയും ലഭിച്ചു. 2025 ഏപ്രില്‍ മുതല്‍ ഈ സബ്സിഡികളും പകുതിയായി കുറച്ചു.
ഈ വർഷം ജൂലായില്‍, ഇലക്‌ട്രിക് ട്രക്ക് സബ്സിഡിക്കുള്ള മാർഗനിർദ്ദേശങ്ങള്‍ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് 3.5 ടണ്ണില്‍ കൂടുതലും 55 ടണ്ണില്‍ കവിയാത്തതുമായ ഗ്രോസ് വെഹിക്കിള്‍ വെയ്റ്റുള്ള ഇലക്‌ട്രിക് ട്രക്കുകള്‍ക്കാണ് ഇൻസെന്റീവുകള്‍ ബാധകം.
കിലോവാട്ട്-അവർ (kWh) ബാറ്ററി ശേഷിക്ക് 5,000 രൂപ എന്ന നിരക്കിലോ അല്ലെങ്കില്‍ വാഹനത്തിൻ്റെ എക്സ്-ഷോറൂം വിലയുടെ 10 ശതമാനം വരെയോ, ഏതാണോ കുറവ് അതായിരിക്കും ഇൻസെന്റീവ്.
ഇലക്‌ട്രിക് ആംബുലൻസുകള്‍ക്കുള്ള മാർഗനിർദ്ദേശങ്ങള്‍ ഈ വർഷാവസാനത്തോടെ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഘനവ്യവസായ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഹനീഫ് ഖുറേഷി അടുത്തിടെ പറഞ്ഞിരുന്നു. “കഴിഞ്ഞ മാസം ഒരു ഇലക്‌ട്രിക് ആംബുലൻസിന് അംഗീകാരം ലഭിച്ചു.
മറ്റ് കമ്ബനികള്‍ ഇലക്‌ട്രിക് ആംബുലൻസുകള്‍ നിർമിക്കുന്ന പ്രക്രിയയിലാണ്. ഡിസംബറിലോ ജനുവരിയിലോ ഇലക്‌ട്രിക് ആംബുലൻസുകള്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.
ചാർജിങ് അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നത് പിഎം ഇ-ഡ്രൈവിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്. 88,500 ഇലക്‌ട്രിക് വാഹന ചാർജിങ് സൈറ്റുകളെ പിന്തുണയ്ക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നല്‍കേണ്ട സബ്സിഡികള്‍ക്കുള്ള മാർഗനിർദ്ദേശങ്ങളും അന്തിമഘട്ടത്തിലാണ്.