
ഇന്ത്യൻ പരസ്യ ലോകത്തിന് ശബ്ദം നഷ്ടപ്പെട്ടു… എന്നാൽ ആ ശബ്ദം എന്നും നമ്മുടെ മനസ്സുകളിൽ മുഴങ്ങിക്കൊണ്ടിരിക്കും. വാക്കുകളിലൂടെ മനുഷ്യരുടെ മനസിലേക്ക് കടന്നു കയറി, പരസ്യങ്ങളെ കലാരൂപമാക്കി മാറ്റിയ പ്രതിഭയായിരുന്നു പിയൂഷ് പാണ്ഡെ (70). ഒഗിൽവി ഇന്ത്യയുടെ ചെയർമാനും ഒഗിൽവി ഗ്ലോബലിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ അദ്ദേഹം വെള്ളിയാഴ്ച മുംബൈയിൽ അന്തരിച്ചു. തന്റെ ലളിതമായ വാക്കുകളിലൂടെയും ജനങ്ങളുമായി ഏറെ ചേർന്ന് നിൽക്കുന്ന ആശയങ്ങളിലൂടെയുമാണ് പിയൂഷ് പാണ്ഡെ ജനമനസ്സുകളിൽ ഇടം നേടിയത്. പരസ്യങ്ങളെ ‘വില്പനയുടെ ഉപകരണ’മായല്ല അദ്ദേഹം കണ്ടത്. മനുഷ്യന്റെ ജീവിതവും വികാരങ്ങളും അടങ്ങിയ ഒരു കലയായാണ്. ഒരു പരസ്യം മനുഷ്യനെ ചിരിക്കാനും കരയാനും ചിന്തിക്കാനും പ്രേരിപ്പിക്കുമ്പോൾ മാത്രമാണ് അത് മികച്ച സൃഷ്ടിയാകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഹൃദയം തൊട്ട പരസ്യങ്ങൾ
1955 സെപ്റ്റംബർ 5-ന് ജയ്പൂരിൽ ജനിച്ച പിയൂഷ് പാണ്ഡെ, ക്രിക്കറ്റ് കളിക്കാരനായാണ് കരിയർ ആരംഭിച്ചത്. പക്ഷേ വാക്കുകളുടെ ലോകമാണ് അദ്ദേഹത്തെ അമരനാക്കിയത്. 1982-ൽ ഒഗിൽവി ആൻഡ് മാദറിൽ ചേർന്നതോടെയാണ് ഇന്ത്യയിലെ പരസ്യ ലോകത്തിന്റെ ചരിത്രം തന്നെ മാറിയത്. ഫെവികോൾ പരസ്യങ്ങൾ നമ്മെ ബന്ധങ്ങളുടെ ആഴത്തിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ, കാഡ്ബറി ഡയറി മിൽക്ക് ’കുച് ഖാസ് ഹൈ’ എന്നൊരു സംഗീതമായി നമ്മുടെ ഉളളിൽ ഇടംപിടിച്ചു. വോഡഫോൺ പരസ്യത്തിലൂടെ പഗ് സൗഹൃദത്തിന്റെ നിഷ്കളങ്കത പറഞ്ഞ് ബ്രാൻഡ് ജനപ്രീതി നേടി. ’അബ്കി ബാർ മോഡി സർക്കാർ’ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ രാഷ്ട്രീയ കാംപെയ്നുകൾ തന്നെ മാറ്റിമറിച്ചു.
പിയൂഷ് പാണ്ഡെക്ക് പരസ്യമെന്നാൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ മാത്രമുളളതായിരുന്നില്ല; അത് മനുഷ്യ ജീവിതത്തെ പ്രതിഫലിപ്പിക്കാനുള്ള മാർഗം കൂടിയായിരുന്നു. തെരുവിന്റെ ഭാഷയും സാധാരണ മനുഷ്യന്റെ കഥകളും അദ്ദേഹത്തിന്റെ പരസ്യങ്ങളിലൂടെ മിന്നിമറിഞ്ഞു. അദ്ദേഹത്തിന്റെ ആശയങ്ങൾ പലരുടെയും ജീവിതം തന്നെയായിരുന്നു വരച്ചതും. ’ഒരു നല്ല ആശയം നിങ്ങളുടെ ഡെസ്കിൽ നിന്നല്ല ജനിക്കുന്നത്; അത് ചായക്കടയിലോ ബസ്സ് സ്റ്റാൻഡിലോ ഉണ്ടാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ തത്വം. യുവ സൃഷ്ടാക്കൾക്കായി അദ്ദേഹം ഒരു തുറന്ന പാഠശാലയായിരുന്നു. അഹങ്കാരത്തിന്റെ കാൽപ്പാടുകൾ വീഴാത്ത, വിജയത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും എങ്ങനെയാകണം എന്ന് പറഞ്ഞുവെച്ച ജീവിതം. അദ്ദേഹത്തിന്റെ സൗമ്യതയും ഹാസ്യബോധവും സഹപ്രവർത്തകർക്ക് പ്രചോദനമായിരുന്നു.
നാല് ദശകങ്ങൾ നീണ്ട കരിയറിനിടെ പിയൂഷ് പാണ്ഡെയ്ക്ക് ലഭിച്ചത് അനവധി അംഗീകാരങ്ങളാണ്. 2016-ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പദ്മശ്രീ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ ഓഫ് ഇന്ത്യ അദ്ദേഹത്തെ അഡ്വർടൈസിംഗ് പേഴ്സൺ ഓഫ് ദി സെഞ്ച്വറി ആയി തെരഞ്ഞെടുത്തു. 2024-ൽ ലണ്ടൻ ഇന്റർനാഷണൽ അവാർഡ്സ് അദ്ദേഹത്തിന് ലെജന്റ് ട്രോഫി നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒഗിൽവി ഇന്ത്യ ഏഷ്യയിലെ ഏറ്റവും സൃഷ്ടിപരമായ ഏജൻസികളിലൊന്നായി വളർന്നു. ഇന്ത്യയുടെ പരസ്യ ലോകം ആഗോള നിലവാരത്തിലേക്ക് ഉയർത്തിയ ഏറ്റവും ക്രിയേറ്റീവായ ശബ്ദം പിയൂഷ് പാണ്ഡെയുടേതായിരുന്നു.
അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇന്ത്യൻ പരസ്യലോകത്തിന് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചത്. ഇക്കാലമത്രയും പിയൂഷ് പാണ്ഡെ നമ്മെ പഠിപ്പിച്ചത് ഇതായിരുന്നു: പരസ്യം വാക്കുകളുടെ കളിയല്ല, അത് മനുഷ്യബന്ധങ്ങളുടെ ഭാഷയാണ്…. വിശ്രമിക്കുക പിയൂഷ് പാണ്ഡെ, നിങ്ങളുടെ ആശയങ്ങൾ എന്നെന്നും ഇവിടെ നിലനിൽക്കും, വലിയൊരു പാഠപുസ്തകമായി….






