പ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍ബംഗ്ലാദേശിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് പുതിയ നിയന്ത്രണവുമായി ഇന്ത്യകമ്യൂട്ടഡ് പെന്‍ഷന് പൂര്‍ണ്ണ നികുതി ഇളവ് നല്‍കി പുതിയ ആദായ നികുതി ബില്‍വ്യവസായ സംരംഭങ്ങള്‍ ഇനി അതിവേഗം; അനുമതികളും നടപടിക്രമങ്ങളും എളുപ്പത്തിലാക്കി കെ-സ്വിഫ്റ്റ്എണ്ണയ്ക്കായി ആഫ്രിക്കയിലേക്ക് കണ്ണെറിഞ്ഞ് ഇന്ത്യൻ കമ്പനികൾ

ഗൂഗിൾ ക്രോം വാങ്ങാൻ 3 ലക്ഷം കോടിയിലേറെ വാഗ്‍ദാനം ചെയ്‌ത് പെർപ്ലെക്‌സിറ്റി

കാലിഫോര്‍ണിയ: ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിൾ ക്രോം വാങ്ങാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാര്‍ട്ടപ്പായ പെർപ്ലെക്‌സിറ്റി എഐ 34.5 ബില്യൺ ഡോളർ വാഗ്‌ദാനം ചെയ്‌തതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. ഏകദേശം 3 ലക്ഷം കോടിയിലേറെ രൂപ വരുമിത്.

മുൻകൂർ ചർച്ചകൾ ഒന്നുമില്ലാതെയാണ് ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന് പെർപ്ലെക്‌സിറ്റി എഐ ഈ ബിഡ് അയച്ചിരിക്കുന്നത്. ഇന്ത്യക്കാരനായ കമ്പ്യൂട്ടർ സയന്‍റിസ്റ്റും സംരംഭകനുമായ അരവിന്ദ് ശ്രീനിവാസാണ് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള പെർപ്ലെക്സിറ്റി എഐയെ നയിക്കുന്നത്.

ഇന്‍റർനെറ്റ് സെർച്ചിംഗിന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിളിന്‍റെ ക്രോം. ഗൂഗിളിന്‍റെ ബിസിനസ് മോഡലിന്‍റെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്ന് കൂടിയാണ് ക്രോം.

അമേരിക്കയിൽ ഗൂഗിളിന്‍റെ കുത്തക നിയന്ത്രിക്കാന്‍ സമ്മർദ്ദം ഏറിവരുന്ന സമയത്താണ് ഗൂഗിള്‍ ക്രോം ഏറ്റെടുക്കാം എന്ന ഓഫറുമായി പെർപ്ലെക്‌സിറ്റി എഐയുടെ രംഗപ്രവേശം എന്നത് ശ്രദ്ധേയമാണ്.

ഇന്‍റനെറ്റ് തിരയലിൽ ഗൂഗിളിന് നിയമവിരുദ്ധമായ കുത്തകയുണ്ടെന്ന് ഒരു ഫെഡറൽ ജഡ്‍ജി കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. ക്രോം ബ്രൗസറിന്‍റെ ഉടമസ്ഥാവകാശം ഗൂഗിളില്‍ നിന്ന് മാറ്റാനും എതിരാളികൾക്ക് സെർച്ചിംഗ് ഡാറ്റ ലൈസൻസ് കൈമാറ്റം നിർബന്ധിക്കുന്നതിനെക്കുറിച്ചും യുഎസ് സർക്കാർ ആലോചിക്കുകയാണ്.

ഈ കേസില്‍ അന്തിമവിധി ജഡ്‍ജി അമിത് മേത്ത ഉടൻ പുറപ്പെടുവിക്കും. ഈ സാഹചര്യത്തിലാണ് ക്രോം ഏറ്റെടുക്കാം എന്ന വാഗ്‌ദാനവുമായി ഒരുമുഴം മുമ്പേ പെര്‍പ്ലെക്‌സിറ്റി എഐ ഓഫര്‍ വച്ചുനീട്ടിയിരിക്കുന്നത്.

18 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന പെർപ്ലെക്സിറ്റി എഐയ്ക്ക് വെറും മൂന്ന് വർഷം മാത്രമാണ് പ്രായം. എങ്കിലും ക്രോം ഏറ്റെടുക്കാന്‍ ഗൂഗിളുമായുള്ള ഇടപാടിനായി പെർപ്ലെക്‌സിറ്റി നിരവധി വലിയ നിക്ഷേപ ഫണ്ടുകളിൽ നിന്ന് പൂർണ്ണ സാമ്പത്തിക സഹായം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഗൂഗിളുമായുള്ള ഇടപാടിനായി പെർപ്ലെക്‌സിറ്റി എഐ ഏകദേശം ഒരു ബില്യൺ ഡോളർ ഫണ്ട് സ്വരൂപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പറയുന്നു. എൻവിഡിയ, ജപ്പാനിലെ സോഫ്റ്റ്ബാങ്ക് തുടങ്ങിയവ ഉൾപ്പെടെയുള്ള നിക്ഷേപകരിൽ നിന്നാണ് ഈ തുക ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

മുഴുവൻ ഇടപാടിനും ധനസഹായം നൽകുന്നതിന് ഒന്നിലധികം ഫണ്ടിംഗ് കമ്പനികള്‍ പിന്തുണ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് ഈ വിഷയത്തെക്കുറിച്ച് പരിചയമുള്ള ചില വൃത്തങ്ങളെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് വിശദീകരിക്കുന്നു.

നിരവധി വലിയ നിക്ഷേപ കമ്പനികള്‍ ഈ ഇടപാടിന് പൂർണ്ണ ധനസഹായം നൽകാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പെർപ്ലെക്സിറ്റിക്ക് ഇതിനകം തന്നെ കോമെറ്റ് എന്ന എഐ ബ്രൗസർ ഉണ്ട്.

ഒപ്പം ക്രോം കൂടി സ്വന്തമാക്കുന്നത് ഓപ്പൺഎഐ പോലുള്ള വലിയ എതിരാളികളോട് മികച്ച രീതിയിൽ മത്സരിക്കാൻ പെർപ്ലെക്‌സിറ്റി എഐയ്ക്ക് കൂടുതൽ കരുത്ത് നൽകും. ക്രോം വാങ്ങിയാൽ, ഉപയോക്താക്കൾക്ക് വിശ്വാസവും സ്ഥിരതയും നിലനിർത്തുന്നതിനായി മാറ്റങ്ങളൊന്നും വരുത്തില്ലെന്ന് പെർപ്ലെക്‌സിറ്റി അവകാശപ്പെടുന്നു.

കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ക്രോമിലും അതിന്‍റെ ഓപ്പൺ സോഴ്‌സ് പതിപ്പായ ക്രോമിയത്തിലും മൂന്ന് ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും നിലവിലുള്ള ടീമിന്‍റെ വലിയൊരു ഭാഗത്തെ നിലനിർത്തുമെന്നും കമ്പനി വാഗ്‍ദാനം ചെയ്തിട്ടുണ്ട്.

എങ്കിലും പെര്‍പ്ലെക്‌സിറ്റിയുടെ ഈ ഓഫർ ഗൂഗിൾ സ്വീകരിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാരണം ഗൂഗിളിന്, ക്രോം വെറുമൊരു ബ്രൗസർ മാത്രമല്ല. ഗൂഗിളിന്‍റെ പരസ്യ, സെർച്ച് ബിസിനസിന്‍റെ ശക്തമായ അടിത്തറയാണ് ക്രോം.

യുഎസ് കോടതിയിൽ നിന്നുള്ള സമ്മർദ്ദം വർധിച്ചാൽ ഗൂഗിളിന് ക്രോമിന്‍റെ ഉടമസ്ഥത മറ്റാര്‍ക്കെങ്കിലും കൈമാറേണ്ടി വന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് ടെക് വ്യവസായത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നായി മാറും.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലെ മറ്റൊരു എതിരാളിയായ ഓപ്പൺഎഐ ക്രോമിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പെർപ്ലെക്സിറ്റി എഐയുടെ ഈ നീക്കം എന്നതും ശ്രദ്ധേയമാണ്.

യാഹൂവും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്‍റും ഉൾപ്പെടെയുള്ള കമ്പനികളും ക്രോമിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

X
Top