
ന്യൂഡല്‍ഹി: 100 കിലോമീറ്ററിനുള്ളിലുള്ള അതിര്‍ത്തി പ്രദേശത്തെ സംരക്ഷണ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന വന ബില്‍ പാര്‍ലമെന്റ് പാസാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന 10 ഹെക്ടര്‍ വരെയുള്ള ഭൂമി, പ്രതിരോധ അനുബന്ധ പദ്ധതികള്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ക്യാമ്പുകള്‍ അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ പൊതു ഉപയോഗ പദ്ധതികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി, ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശത്ത് അഞ്ച് ഹെക്ടറില്‍ കവിയാത്ത ഭൂമി എന്നിവ സംരക്ഷിത പ്രദേശത്തുനിന്നും ബില്‍ ഒഴിവാക്കുന്നു.
കൂടാതെ, ഭൂകമ്പ സര്‍വേ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണം, പ്രോസ്‌പെക്റ്റിംഗ്, അന്വേഷണം അല്ലെങ്കില്‍ പര്യവേക്ഷണം പോലുള്ള സര്‍വേകള്‍ എന്നിവ വനേതര ഉദ്ദേശ്യമായി കണക്കാക്കില്ലെന്ന് കേന്ദ്രസര്‍ക്കാറിന് വ്യക്തമാക്കാം.
അതിന് ബില്‍ കേന്ദ്ര സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നു.1980 ലെ വനം (സംരക്ഷണ) നിയമം രാജ്യത്തെ വനസംരക്ഷണത്തിനുള്ള ഒരു പ്രധാന കേന്ദ്ര നിയമമാണ്.
ഇത് പ്രകാരം സംരക്ഷിത വനങ്ങളുടെ സംവരണം റദ്ദാക്കല്‍, വനഭൂമി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, വനഭൂമി പാട്ടത്തിനോ അല്ലാതെയോ സ്വകാര്യ സ്ഥാപനത്തിന് നല്‍കുക, സ്വാഭാവികമായി വളരുന്ന മരങ്ങള്‍ വീണ്ടും നടുന്നതിനായി നീക്കം ചെയ്യുക എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.