
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പാകിസ്താൻ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നു. ഊർജ ഉപയോഗം കുറക്കാനായി മാർക്കറ്റുകളും കല്യാണമണ്ഡപങ്ങളും നേരത്തെ അടക്കാൻ പാക് സർക്കാർ ഉത്തരവിട്ടു. ദേശീയ ഊർജ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എണ്ണ ഇറക്കുമതി പരമാവധി കുറക്കുകയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാർക്കറ്റുകൾ രാത്രി എട്ടര അടക്കണമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നിർദേശം നൽകി. കല്യാണമണ്ഡപങ്ങൾ 10 മണിക്കും അടക്കണം. ഇതിലൂടെ 60 ബില്യൺ രൂപ ലാഭിക്കാനാവുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ. ഫിലമന്റ് ബൾബുകളുടെ ഉൽപാദനം ഫെബ്രുവരി ഒന്ന് മുതൽ നിർത്തും. ഊർജക്ഷമത കുറഞ്ഞ ഫാനുകളുടെ നിർമാണം ജൂലൈ മുതൽ അവസാനിക്കുമെന്നും പാകിസ്താൻ അറിയിച്ചു.
ഈ നടപടികളിലൂടെ 22 ബില്യൺ രൂപ കൂടി ലാഭിക്കാനാവുമെന്നാണ് പാക് സർക്കാറിന്റെ പ്രതീക്ഷ. സ്ട്രീറ്റ്ലൈറ്റുകൾക്കും ഗീസറുകൾക്കും പകരം ഊർജക്ഷമതയുള്ള ബദൽ സംവിധാനം ഏർപ്പെടുത്താനും പാകിസ്താന് പദ്ധതിയുണ്ട്. സർക്കാർ ഓഫീസുകളിലെ ഊർജ ഉപയോഗം പരമാവധി കുറക്കണമെന്നും നിർദേശമുണ്ട്. വർഷാവസാനത്തോടെ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്നും പാക് സർക്കാർ അറിയിച്ചു.






