
എടപ്പാള്‍: നെല്ല് സംഭരണത്തുക കൂട്ടിനല്‍കാതെ സംസ്ഥാന സർക്കാർ കർഷകരെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. കേന്ദ്രസർക്കാർ സംഭരണവില വർധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയാണ്.
സംഭരണമാരംഭിച്ച 2015-16 കാലഘട്ടത്തില്‍ ഒരു കിലോ നെല്ലിന് സംസ്ഥാന സർക്കാർ നല്‍കിയിരുന്ന വിഹിതം 7.40 രൂപയായിരുന്നു. പത്തുവർഷം കഴിഞ്ഞപ്പോള്‍ അത് 6.37 രൂപയായി കുറഞ്ഞു.
2015-16 കാലത്ത് നെല്ല് സംഭരണവില ആകെ 21.50 രൂപയായിരുന്നു. ഇതില്‍ കേന്ദ്രവിഹിതം 14.10 രൂപയും സംസ്ഥാനവിഹിതം 7.40 രൂപയും. 2016-2017-ല്‍ ഇത് 22.50 രൂപയായി. അന്ന് കേന്ദ്രവിഹിതം 14.70 രൂപയായി വർധിപ്പിച്ചപ്പോള്‍ സംസ്ഥാന വിഹിതവും 7.80 ആയി വർധിപ്പിച്ചു.
എന്നാല്‍ പിന്നീട് ഇത് ക്രമമായി കുറയ്ക്കുകയായിരുന്നൂവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കേന്ദ്ര വിഹിതം 14.10 രൂപയില്‍നിന്ന് പത്തു വർഷംകൊണ്ട് 21.83 രൂപയായി വർധിച്ചപ്പോഴാണ് സംസ്ഥാന വിഹിതം 6.37 ആയി കുറഞ്ഞത്.