
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും മന്ത്രി പറഞ്ഞു. എഫ്9 ഇൻഫോടെക് നടത്തിയ കേരള സൈബർ സുരക്ഷാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പ്രൊഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം മന്ത്രി പ്രശംസിച്ചു.
രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 30 ദിവസത്തേക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും പൂർണമായും സൗജന്യമായി നൽകും. സംസ്ഥാന സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹകരണത്തോടെയാണ് കെസിഎസ്എസ് 2025 നടത്തിയത്. എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സൈബർ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായിരുന്നു ഉച്ചകോടിയിൽ പ്രധാന ഊന്നൽ.