
അഡള്‍ട്ട് കണ്ടന്റ് പ്ലാറ്റ്ഫോമായ ഓണ്‍ലിഫാൻസ് വില്‍പനയ്ക്ക്. 800 കോടി ഡോളറാണ് (68100 കോടി രൂപയിലേറെ) വിലയിട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട്, യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിക്ഷേപ സ്ഥാപനമായ ഫോറസ്റ്റ് റോഡ് കോയുമായി ഓണ്‍ലിഫാൻസ് ഉടമ ലിയോനിഡ് റാഡ്വിൻസ്കി ചർച്ചയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടില്‍ പറയുന്നു. എന്തായാവും ഫോസ്റ്റ് റോഡ് ഒറ്റയ്ക്കായിരിക്കില്ല ഓണ്‍ലിഫാൻസിനെ വാങ്ങുക. വില്‍പന എന്ന് പൂർത്തിയാകുമെന്നും വ്യക്തതയില്ല.
അതേസമയം, 800 കോടി ഡോളർ മൂല്യമുണ്ടായിട്ടും ഓണ്‍ലിഫാൻസിലെ അശ്ലീല ഉള്ളടക്കങ്ങളുടെ ആധിക്യം കാരണം പ്ലാറ്റ്ഫോം ആരും ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്നും, ഇതോ തുടർന്ന് 146 കോടി ഡോളർ മുതല്‍ 242 കോടി ഡോളർ വരെ വിലയ്ക്ക് പ്ലാറ്റ്ഫോം വില്‍ക്കാൻ റാഡ്വിൻസ്കി ശ്രമിക്കുന്നുണ്ടെന്ന ന്യൂയോർക്ക് പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു.
2016 ല്‍ ടിം സ്റ്റോക്ക്ലിയാണ് ഓണ്‍ലി ഫാൻസ് ആരംഭിച്ചത്. കണ്ടന്റ് ക്രിയേറ്റർമാർക്ക്, പ്രത്യേകിച്ചും അഡള്‍ട്ട് കണ്ടന്റ് ക്രിയേറ്റർമാർക്ക് താരതമ്യേന സുരക്ഷിതമായ പ്ലാറ്റ്ഫോം ഒരുക്കുകയായിരുന്നു സ്റ്റോക്ക്ലിയുടെ ലക്ഷ്യം.
മൈഫ്രീകാംസ് എന്ന പേരില്‍ ഒരു ലൈവ് ക്യാം വെബ്സൈറ്റ് സ്വന്തമായുണ്ടായിരുന്ന റാഡ്വിൻസ്കി 2018 ലാണ് ഓണ്‍ലി ഫാൻസ് ഏറ്റെടുത്തത്.
അന്നുമുതല്‍ പുതുമയുള്ള വ്യവസായ രീതി കാരണം 2000 ശതമാനത്തിന്റെ ലാഭ വളർച്ചയുണ്ടായിരുന്ന സ്ഥാപനമാണ് ഓണ്‍ലി ഫാൻസ്. കാരണം മറ്റ് സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളെ പോലെ ഓണ്‍ലി ഫാൻസില്‍ പരസ്യവില്‍പന ഇല്ല.
ഓണ്‍ലിഫാൻസില്‍ അക്കൗണ്ട് തുടങ്ങുന്ന ഉപഭോക്താക്കള്‍ ഐഡി വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കിയാല്‍ മാത്രമേ അക്കൗണ്ട് തുടങ്ങാനാവൂ. ക്രിയേറ്റർമാരുടെ സുരക്ഷിതത്വത്തിന് സെർച്ച് സംവിധാനവും കമ്പനി സങ്കീർണമാക്കിയിട്ടുണ്ട്.
പൂർണമായും സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയാണ് ഓണ്‍ലി ഫാൻസിന്റെ പ്രവർത്തനം. ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന എന്ത് ഉള്ളടക്കവും കാണണമെങ്കില്‍ പണം നല്‍കി വരിക്കാരാവണം.
ഈ ഫീസില്‍ 20 ശതമാനം കമ്ബനിക്കും 80 ശതമാനം ക്രിയേറ്റർമാർക്കുമാണ്.
2023 സാമ്ബത്തിക വർഷം അവസാനിക്കുമ്പോള്‍ 41.2 ലക്ഷം ക്രിയേറ്റർമാരും 30 കോടി രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുമുണ്ട്. 663 കോടി ഡോളറാണ് മൊത്തവരുമാനം. മുൻ വർഷത്തേതിനേക്കാള്‍ 19 ശതമാനം വളർച്ച.
2021 ല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ നിരോധിക്കാൻ പോവുകയാണെന്ന ഓണ്‍ലിഫാൻസിന്റെ പ്രഖ്യാപനത്തിനെതിരെ ക്രിയേറ്റർമാരില്‍ നിന്ന് വലിയ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഈ തീരുമാനം പിന്നീട് നടപ്പാക്കിയില്ല.
അന്ന് മുതല്‍ അശ്ലീല ഉള്ളടക്കങ്ങളില്‍ നിന്ന് മാറാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി അഡള്‍ട്ട് ക്രിയേറ്റർമാർ അല്ലാത്തവരേയും ഓണ്‍ലി ഫാൻസിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഒഎഫ്ടിവി എന്ന പേരില്‍ കാണികള്‍ക്ക് സുരക്ഷിതമായ സൗജന്യ സ്ട്രീമിങ് സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.






