
കാലിഫോര്‍ണിയ: ഗൂഗിള്‍ ക്രോമിനും പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റിനും വെല്ലുവിളിയുയര്‍ത്താന്‍ അറ്റ്‌ലസ് എന്ന പേരില്‍ പുത്തന്‍ എഐ വെബ് ബ്രൗസര്‍ പുറത്തിറക്കി ഓപ്പണ്‍എഐ. ‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ (ChatGPT Atlas) എന്നാണ് ഏജന്‍റിക് കഴിവുകളുള്ള ഈ എഐ ബ്രൗസറിന്‍റെ മുഴുവന്‍ നാമം. ഓപ്പണ്‍എഐയുടെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുമായി അറ്റ്‌ലസിനെ സംയോജിപ്പിച്ചിരിക്കുന്നു. ബ്രൗസര്‍ രംഗത്ത് ഗൂഗിളിന്‍റെ അപ്രമാധിത്യം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഓപ്പണ്‍എഐ നടത്തുന്ന ഏറ്റവും വലിയ നീക്കമായി അറ്റ്‌ലസ് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ലോകമെമ്പാടുമുള്ള മാക്ഒഎസ് ഉപയോക്താക്കള്‍ക്കാണ് ചാറ്റ്‌ജിപിടി അറ്റ്‌ലസ് ലഭ്യമായിരിക്കുന്നത്. ചാറ്റ്‌ജിപിടി അറ്റ്‌ലസിന്‍റെ വിന്‍ഡോസ്, ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് പതിപ്പുകള്‍ ഉടന്‍ വരുമെന്നാണ് പ്രതീക്ഷ.
പെര്‍പ്ലെക്‌സിറ്റി കോമറ്റിനും ചെക്ക്
നിലവില്‍ ഇന്‍റര്‍നെറ്റ് ബ്രൗസര്‍ വിപണി ഭരിക്കുന്നത് ഗൂഗിളിന്‍റെ ക്രോം ബ്രൗസറാണ്. ഏകദേശം 60 ശതമാനത്തിലധികം വിപണി വിഹിതം ക്രോമിനുണ്ട്. 300 കോടിയിലധികം യൂസര്‍മാരാണ് ക്രോമിന് കണക്കാക്കുന്നത്. ആപ്പിള്‍ ഉപകരണങ്ങളിലെ ഡിഫോള്‍ട്ട് ബ്രൗസറായ സഫാരിയും, മൈക്രോസോഫ്റ്റ് എഡ്‌ജ്, മോസില്ല ഫയര്‍ഫോക്‌സ് എന്നീ മറ്റ് രണ്ട് വെബ് ബ്രൗസറുകളുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഗൂഗിള്‍ ക്രോമിന് വെല്ലുവിളിയുയര്‍ത്താന്‍ ലക്ഷ്യമിട്ട് എഐ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്‌സിറ്റി 2025 ജൂലൈ 9-ന് കോമറ്റ് എഐ വെബ് ബ്രൗസര്‍ പുറത്തിറക്കിയിരുന്നു. ഓഗസ്റ്റിൽ കോമറ്റ് പ്ലസും പെര്‍പ്ലെക്‌സിറ്റി അവതരിപ്പിച്ചു. പെർപ്ലെക്‌സിറ്റി മാക്‌സ് വരിക്കാർക്ക് പ്രതിമാസം 200 ഡോളർ എന്ന നിരക്കിലാണ് കോമറ്റ് സേവനം ആരംഭിച്ചത്.
എന്നാല്‍ കോമറ്റ് ബ്രൗസർ എല്ലാ ഉപയോക്താക്കൾക്കും ഒക്‌ടോബര്‍ ആദ്യം പെർപ്ലെക്‌സിറ്റി സൗജന്യമാക്കി. വെബിൽ സെർച്ച് ചെയ്യാനും, ഇമെയിലുകൾ ഡ്രാഫ്റ്റ് ചെയ്യാനും, ടാബുകള്‍ ക്രമീകരിക്കാനും, ഷോപ്പിംഗ് നടത്താനുമൊക്കെ കഴിയുന്ന ഒരു പേഴ്‌സണൽ അസിസ്റ്റന്‍റായാണ് കോമറ്റ് ബ്രൗസർ പെർപ്ലെക്‌സിറ്റി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഗൂഗിള്‍ ക്രോമിന് ശക്തമായ മത്സരം നല്‍കുക ലക്ഷ്യമിട്ട് തന്നെയാണ് കോമറ്റ് പൂര്‍ണമായും ഫ്രീ വേര്‍ഷനാക്കി പെർപ്ലെക്‌സിറ്റി മാറ്റിയത്.