
ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഇന്ത്യ ലഘൂകരിച്ചേയ്ക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച ചൈന സന്ദര്‍ശിക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അദ്ദേഹം സംസാരിക്കും.
2020 ഏപ്രിലില്‍ നിയമമായ പ്രസ് നോട്ട് 3 പുന:പരിശോധിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യയുമായി കര, അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി നിയമം അനിവാര്യമാക്കുന്നു. അവസരവാദപരമായ ഏറ്റെടുക്കലുകള്‍ തടയാനായി കോവിഡ് കാലത്താണ് നിയമം പ്രാബല്യത്തില്‍ വന്നത്.
“ആവശ്യമെങ്കില്‍, നമുക്ക് പ്രസ് നോട്ട് 3 വീണ്ടും പരിശോധിക്കാം. എല്ലാ ഓപ്ഷനുകളും തുറന്നിരിക്കുന്നു,” സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചു. ഇന്ത്യയുടെ ഉന്നത നയരൂപീകരണ വിദഗ്ദ്ധ സമിതിയായ നീതി ആയോഗ്, മുന്‍കൂര്‍ അനുമതിയില്ലാതെ ചൈനയില്‍ നിന്ന് 24% വരെ എഫ്ഡിഐ അനുവദിക്കാന്‍ അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു.മൂലധനം ആവശ്യമുള്ള മേഖലകള്‍ക്ക് ഗുണം ചെയ്യുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതുമാണ് നിര്‍ദ്ദേശം.
“കാലം മാറുമ്പോള്‍ സാഹചര്യങ്ങള്‍ മാറുന്നു. കാലത്തിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാം” എന്നായിരുന്നു ഇത് സംബന്ധിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം.
മന്ത്രിതല സന്ദര്‍ശനങ്ങള്‍ ഉയര്‍ത്താനും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും ടൂറിസം, വ്യാപാര രംഗങ്ങളിലെ സഹകരണം ഉയര്‍ത്താനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. അപൂര്‍വ്വ ഭൗമകാന്തങ്ങളും വളങ്ങളും കയറ്റുമതി ചെയ്യാമെന്നും ചൈന സമ്മതിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തെ തുടര്‍ന്നായിരുന്നു തീരുമാനം.






