
ന്യൂഡൽഹി: രാജ്യത്ത് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്കു മേല്‍ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍. ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം നല്കിയിരുന്നു. ഇന്നലെ പാര്‍ലമെന്റില്‍ വച്ച ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറും.
പണംവച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ പലരെയും ആത്മഹത്യയിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും നയിക്കുന്നുവെന്ന കണ്ടെത്തലാണ് കടുത്ത തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് 30 ശതമാനം ജി.എസ്.ടിയായിരുന്നു ഈടാക്കിയിരുന്നത്.
ഓണ്‍ലൈന്‍ ഗെയിമുകളുടെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതും കേന്ദ്ര നീക്കത്തിന് കാരണമായി.
ഓണ്‍ലൈന്‍ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരാള്‍ക്കും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. സെലിബ്രിറ്റികള്‍, ഇന്‍ഫ്ളൂവന്‍സര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും ലഭിക്കും.
അതേസമയം, വിനോദത്തിനായി മാത്രം ഉപയോഗിക്കുന്ന ഗെയിമിംഗ് ആപ്പുകളെ ഈ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.