
- 15 മിനിറ്റുകള്‍ കൊണ്ട് 80 ശതമാനം ചാര്‍ജ്
- 15 വര്‍ഷം ബാറ്ററി ലൈഫ്
ബെംഗളൂരു: പുതിയ ഇന്ത്യന്‍ നിര്‍മിത ലിഥിയം- അയേണ്‍ ബാറ്ററി ഒല പുറത്തിറക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉടന്‍ ഘടിപ്പിച്ചുതുടങ്ങുമെന്ന് കമ്പനി സിഇഒ ഭവിഷ് അഗര്‍വാള്‍. ഇത് വിപണിയില്‍ ഒലയ്ക്ക് വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
പുതിയ ബാറ്ററിക്ക് 15 വര്‍ഷത്തെ ലൈഫുണ്ടെന്നാണ് ഒലയുടെ കണക്കുകൂട്ടല്‍. അതിവേഗ ചാര്‍ജിങാണ് ബാറ്ററിയുടെ മറ്റൊരു സവിശേഷത. ചാര്‍ജിംഗിനായി വച്ച് 15 മിനിറ്റുകള്‍ക്കുള്ളില്‍ 80 ശതമാനം ചാര്‍ജാകുമെന്നാണ് അവകാശവാദം. പുതിയ ബാറ്ററിയിലൂടെ അഞ്ചിരട്ടി പെര്‍ഫോമന്‍സും കമ്പനി അവകാശപ്പെടുന്നുണ്ട്.
ഒലയുടെ കൃഷ്ണഗിരി ഫാക്ടറിയിലാണ് 4680 ഭാരത് സെല്‍ നിര്‍മിക്കുന്നത്. പയ്യെ ഒല പുറത്തിറക്കുന്ന എല്ലാ ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഇതേ ബാറ്ററി തന്നെ ഘടിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
വിപണിയിലെ മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ബാറ്ററികളില്‍ 50 ശതമാനം ചാര്‍ജ് കയറാന്‍ കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കുമ്പോവാണ് തങ്ങള്‍ 15 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകുന്ന പുത്തന്‍ ബാറ്ററിയുമായി രംഗത്തെത്തുന്നതെന്ന് ഒല റിസേര്‍ച്ച് ആന്‍ഡ് ഡവലവ്‌മെന്റ് വിഭാഗം തലവന്‍ രാജേഷ് മേക്കാട്ട് പറഞ്ഞു.
പുതിയ ബാറ്ററി കൂടാതെ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അടിമുടി മാറ്റങ്ങള്‍ക്കായി തങ്ങള്‍ തയ്യാറെടുക്കുകയാണെന്നാണ് ഒല വ്യക്തമാക്കുന്നത്. ജനുവരി 2026 മുതല്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ എഐ സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് MoveOS6 സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുമെന്നും ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി.