
സിംഗപ്പൂര്‍: ഒപെക് + ഇടപെടലുണ്ടാകുമെന്ന സൂചന എണ്ണവിലയ്ക്ക് താങ്ങായി. ഡോളര്‍ നേരിയ തോതില്‍ മയപ്പെട്ടതും വിലയിടിവിന് തടയിട്ടു. ബ്രെന്റ് ക്രൂഡ് അവധി 26 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് 84.32 ഡോളറിലെത്തിയപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 19 സെന്റുയര്‍ന്ന് 76.90 ത്തിലാണുള്ളത്.
ഇരു സൂചികകളും തിങ്കളാഴ്ച 2 ഡോളര്‍ ഇടിവ് നേരിട്ടിരുന്നു. വിപണിയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാഖ് എണ്ണ മന്ത്രി ഇഹ്‌സാന്‍ അബ്ദുള്‍ ജബ്ബാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങളും (ഒപെക്) ഒപെക് + എന്നറിയപ്പെടുന്ന റഷ്യ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.
വില ഇടിവ് രൂക്ഷമാകുന്ന പക്ഷം ഒക്ടോബര്‍ 5 ന് ചേരുന്ന യോഗത്തില്‍ ഉത്പാദനം കുറയ്ക്കാന്‍ ഒപെക് പ്ലസ് തയ്യാറായേക്കും. കഴിഞ്ഞ യോഗത്തില്‍ ഉത്പാദനം കുറച്ചതിനെ തുടര്‍ന്ന് എണ്ണവില സ്ഥിരത കൈവരിച്ചിരുന്നു. 20 വര്‍ഷ ഉയരത്തിലെത്തിയ ഡോളര്‍ മൂല്യം മയപ്പെട്ടതും വിലയെ സഹായിച്ചു.