
സിംഗപ്പൂര്‍: ചൈന കൂടുതല്‍ കര്‍ശനമായ കോവിഡ് നയങ്ങള്‍ സ്വീകരിക്കാനിരിക്കെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ഒപെക് പ്രതിമാസ അവലോകനം പുറത്തുവരാനിരിക്കെയാണ് വില തിരുത്തല്‍ വരുത്തിയത്. ബ്രെന്റ് ക്രൂഡ് അവധി 1.3 ശതമാനം താഴ്ന്ന് 92.98 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി 1 ശതമാനം ഇടിവ് നേരിട്ട് 86.91 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.
ഇതോടെ മൂന്ന് ദിവസത്തെ നേട്ടം ബ്രെന്റ് തിരുത്തി. വിതരണക്കുറവിനും മാന്ദ്യഭീതിയ്ക്കുമിടയില്‍ ചാഞ്ചാട്ടത്തിലാണ് നിലവില്‍ വില. റഷ്യ വിതരണം കുറയ്ക്കുന്നതും യൂറോപ്യന്‍ ഊര്‍ജ പ്രതിസന്ധിയും കാരണം വര്‍ഷാവസാനം വില വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്ന ആശങ്കയും ശക്തമായ ഡോളറും ഡിമാന്റ് കുറയ്ക്കുന്നു. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങള്‍ (ഒപെക്) പ്രതിമാസ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ ആഗോള ഡിമാന്റിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഏഴ് മാസത്തെ താഴ്ന്ന നിലയില്‍ നിന്ന് ക്രൂഡ് കഴിഞ്ഞയാഴ്ച തിരിച്ചുകയറിയിരുന്നു.