
ന്യൂഡല്‍ഹി: യുപിഐ ക്രെഡിറ്റ്‌ലൈന്‍ പരിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കയാണ് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഒക്ടോബറില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ (ജിഎഫ്എഫ്) പുതുക്കിയ മോഡല്‍ അവതരിപ്പിക്കും. ഇത് പ്രകാരം, ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകള്‍ക്ക്, ക്രെഡിറ്റ് ലൈന്‍ വാഗ്ദാനം ചെയ്യാന്‍, ഏത് ബാങ്കുമായും സഹകരിക്കാം. നേരത്തെ സേവനം ഉപയോക്താവിന്റെ നിലവിലെ ബാങ്കില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
പുതിയ ചട്ടക്കൂടിന് കീഴില്‍ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കായി ലോണ്‍ അക്കൗണ്ട് തുറക്കുകയും ഈ അക്കൗണ്ടുകള്‍ യുപിഐയുമായി ലിങ്ക് ചെയ്യുകയും ചെയ്യും. ഇത് വഴി ക്രെഡിറ്റ്‌ലൈനില്‍ നിന്ന് പെയ്‌മെന്റ് സാധ്യമാകും.
ക്രെഡിറ്റ് കാര്‍ഡിന് സമാനമാണ് പ്രവര്‍ത്തന രീതി. എന്നാല്‍ ഒരു കാര്‍ഡ് ആവശ്യമില്ല എന്നുമാത്രം. അംഗീകരിച്ച പരിധിവരെ പെയ്‌മെന്റ് നടത്താനും പിന്നീട് തിരിച്ചടവിനും സൗകര്യമുണ്ടാവും. ഉപയോഗിച്ച തുകയക്ക് മാത്രമേ പലിശ ഈടാക്കൂ.
മുന്‍ പതിപ്പ് വേണ്ടത്ര പ്രാചാരം നേടാത്തതിന് പിന്നില്‍ നിരവധി കാരണങ്ങളാണുള്ളത്.ഇന്റര്‍ചേഞ്ച്് ഫീസ് വളരെ കുറവായതിനാല്‍ ബാങ്കുകള്‍ ചെറുകിട വായ്പകള്‍ നല്‍കാന്‍ മടിച്ചതാണ് അതില്‍ പ്രധാനപ്പെട്ടത്. കൂടാതെ ഉയര്‍ന്ന മാര്‍ജിന്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ക്രെഡിറ്റ് ലൈന്‍, ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഇല്ലാതാക്കുമെന്ന് ബാങ്കുകള്‍ ഭയപ്പെട്ടു. യുപിഐ ആപ്പുകളും ഈ കാര്യത്തില്‍ ബാങ്കുകള്‍ക്ക് സമാന നിലപാടാണ് സ്വീകരിച്ചത്.
പുതിയ മാതൃകയില്‍, ഇന്റര്‍ചേഞ്ച് ഫീസ് 0.9 ശതമാനമായും കാര്‍ഡുകള്‍ക്ക് സമാന പലിശ രഹിത കാലയളവ് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് ലൈനുകള്‍ക്ക് 1.1 ശതമാനമായും വര്‍ദ്ധിപ്പിച്ചു. ഇതോടെ സേവനം ബാങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും ഒരുപോലെ ആകര്‍ഷകമാകും. യുപിഐ ആപ്പുകള്‍ക്ക് ഇപ്പോള്‍ ഇന്റര്‍ചേഞ്ച് ഫീസിന്റെ ഒരു പങ്ക് ലഭ്യമാകും. ഇത് അവരുടെ വരുമാന സാധ്യത മെച്ചപ്പെടുത്തുന്നു.
ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളെ (എന്‍ബിഎഫ്‌സി) ആവാസവ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ശ്രമവും എന്‍പിസിഐ നടത്തുന്നുണ്ട്. ഇതിനായി റെഗുലേറ്ററി അംഗീകാരം തേടും.