
വാഷിങ്ടണ്‍ ഡിസി:യുഎസ് സര്‍ക്കാര്‍ പ്രതിനിധികള്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കയുടെ ഇസ്രായേല്‍ വിരുദ്ധ നിലപാടുകളും അപ്പാര്‍ത്തീഡ് കാലത്ത് സ്വന്തമാക്കിയ ഭൂമി പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശവുമാണ് എതിര്‍പ്പിന് കാരണം. അടുത്തമാസമാണ് ജി20 ഉച്ചകോടി നടക്കുന്നത്.
”ദക്ഷിണാഫ്രിക്കക്കാരെ (ഡച്ച് കുടിയേറ്റക്കാരുടെ പിന്‍ഗാമികളും ഫ്രഞ്ച്, ജര്‍മ്മന്‍ കുടിയേറ്റക്കാരുടെ പിന്‍ഗാമികളും) അവര്‍ കൊല്ലുകയും കശാപ്പ് ചെയ്യുകയും ചെയ്യുന്നു, അവരുടെ ഭൂമിയും കൃഷിയിടങ്ങളും നിയമവിരുദ്ധമായി കണ്ടുകെട്ടുന്നു. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നിടത്തോളം ഒരു യുഎസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനും പങ്കെടുക്കില്ല. ഫ്‌ലോറിഡയിലെ മിയാമിയില്‍ 2026 ലെ ജി 20യ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു”, ട്രംപ് പറഞ്ഞു.
മിയാമിയിലെ തന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ ജി20 ഉച്ചകോടി നടത്താനാണ് ട്രംപിന്റെ ഉദ്ദേശം. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തനിക്ക് പകരം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സെപ്തംബര്‍ ആദ്യം അദ്ദേഹം പറഞ്ഞിരുന്നു.






