
രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരുചക്ര വാഹനങ്ങൾക്ക് തുടർന്നും ടോളിൽ ഇളവ് ലഭിക്കും. ഹൈവേയിൽ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരിൽ നിന്ന് ടോൾ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി.
ഇരുചക്ര വാഹനങ്ങളിൽ നിന്ന് റോഡ് നികുതി ഇതിനകം തന്നെ ഈടാക്കുന്നതിനാൽ അവയെ ടോളിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. അടുത്തിടെ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതിനുപിന്നാലെയാണ് ഗഡ്‍കരി വിശദീകരണം നൽകുകയും റിപ്പോർട്ടുകളെ വെറും കിംവദന്തി എന്ന് വിളിക്കുകയും ചെയ്തത്.
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്‍കരി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ എഴുതി.
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ പൂർണമായും ഒഴിവാക്കുന്നത് തുടരുമെന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി എഴുതുന്നു.
ഇന്ത്യൻ ഹൈവേകളിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള ടോൾ ഫ്രീ യാത്ര അവസാനിക്കുമെന്നാിരുന്നു വ്യാജ പ്രചരണം. ജൂലൈ 15 മുതൽ ദേശീയപാതയിലെ ബൈക്കുകൾ, സ്കൂട്ടറുകൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന് കുറച്ചു ദിവസങ്ങളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വാർത്ത പ്രചരിച്ചതോടെ ആളുകൾ ആശങ്കാകുലരായി. അതേസമയം ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഈടാക്കിയതായുള്ള റിപ്പോർട്ടുകളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും വിശദീകരണം നൽകി.
അത്തരം അവകാശവാദങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് അത്തരം റിപ്പോർട്ടുകളെല്ലാം തെറ്റാണെന്ന് എൻഎച്ച്‌എഐ വ്യക്തമാക്കി. കൂടാതെ, അത്തരമൊരു നിർദ്ദേശം ഇന്ത്യാ സർക്കാരിന്റെ പരിഗണനയിൽ ഇല്ല എന്നും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള മിക്ക ടോൾ റോഡുകളിലും എക്സ്പ്രസ് ഹൈവേകളിലും ഇരുചക്ര വാഹനങ്ങൾക്ക് സൗജന്യ ആക്‌സസ് ആണുള്ളത്. ചെറിയ വരുമാനക്കാരായ യാത്രക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും ടോൾ ബൂത്തുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമാണ് ഈ നയം.
സ്വകാര്യ വാഹനങ്ങൾക്ക് ഫാസ്‍ടാഗ് അധിഷ്ഠിത വാർഷിക പാസ് ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഈടാക്കുമെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഓഗസ്റ്റ് 15 മുതൽ പുതിയ ഫാസ്‍ടാഗ് അധിഷ്ഠിത വാർഷിക പാസ് നിയമം പ്രാബല്യത്തിൽ വരും. പാസിന് 3,000 രൂപ വിലവരും. ഹൈവേകളിൽ യാത്രക്കാർക്ക് തടസരഹിതമായ യാത്ര നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
വ്യക്തിഗത ഉപയോഗത്തിനുള്ളതാണ് ഈ പാസുകൾ. ഇവ കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര വാഹനങ്ങൾക്ക് ബാധകമാകും.
എൻഎച്ച്എഐ, എംഓആർടിഎച്ച് എന്നിവയുടെ ഔദ്യോഗിക സൈറ്റുകൾക്ക് പുറമേ, രാജ്‍മാർഗ് യാത്ര ആപ്പിൽ ആക്ടിവേഷനും പുതുക്കലിനുമുള്ള ഒരു പ്രത്യേക ലിങ്ക് ഉടൻ തുറക്കും.