കോട്ടയം: പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്.
പൈനാപ്പിളിന് ഡിമാൻഡ് കൂടിയ സമയത്ത് കിലോയ്ക്ക് 40-50 വരെ വിലയെത്തിയപ്പോഴാണ് ഉത്പാദന കുറവ് വിനയായത്.
കടുത്ത ചൂട് തടുക്കാൻ ഉള്ള തണൽ വലയുടെയും ഓലയുടെയും വിലയും വർദ്ധിച്ചു. വേനൽ ശക്തമായതോടെ കൈതച്ചെടികൾ ഉണങ്ങാൻ തുടങ്ങി. പല തോട്ടത്തിലും പൈനാപ്പിൾ 120 ദിവസം പിന്നിട്ടിട്ടും വളർച്ചയില്ലാത്ത അവസ്ഥയിലാണ്.
വളത്തിന്റെയും കീടനാശിനിയുടെയും വില വർദ്ധനവും ദോഷമായി. വിപണിയിൽ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നതിന്റെ ആശങ്കയിലാണ് കർഷകർ.
മാർക്കറ്റിൽ 50 രൂപ വരെ വില ഉണ്ടെങ്കിലും കർഷകന് കിട്ടുന്നത് 35 രൂപ വരെയാണ്. ഈസ്റ്റർ,വിഷു, റംസാൻ വിപണിയാണ് പ്രധാനം. സാധാരണ ഉത്പാദനം വർദ്ധിക്കേണ്ട സീസണിലാണ് വില്ലനായി വേനലും രോഗങ്ങളുമെത്തിയത്.
എറണാകുളം കഴിഞ്ഞാൽ കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നത് കോട്ടയം,ഇടുക്കി ജില്ലകളിലാണ്. മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും കൈതച്ചക്ക എത്തിച്ചിരുന്ന സ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പൈനാപ്പിൾ എത്തുന്നതും തിരിച്ചടിയായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 50,000 ഏക്കറിലാണ് കൈതച്ചക്ക കൃഷി. എറണാകുളം കഴിഞ്ഞാൽ കൂടുതൽ ഉത്പാദനം കോട്ടയം,ഇടുക്കി ജില്ലകളിലാണ്. ആണ്ടിലൊരിക്കലാണ് വിളവെടുപ്പ്.
ഒരു മൂട്ടിൽ നിന്ന് ഒരുവട്ടം വിളവെടുത്തു കഴിഞ്ഞാൽ അതിൽനിന്ന് പൊട്ടിമുളയ്ക്കുന്ന തൈയിൽനിന്നാകും അടുത്ത വിളവെടുപ്പ്. ഇങ്ങനെ പരമാവധി മൂന്ന് വർഷംവരെ വിളവെടുക്കും. പഴുത്തത്, പാകമായത്, പച്ച എന്നിങ്ങനെയാണ് വിപണനം. മൂന്നിനും വ്യത്യസ്ത വിലയാണ്.