
ന്യൂഡൽഹി: രാജ്യത്തെ വ്യവസായ നിയന്ത്രണ സംവിധാനങ്ങളില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന് നീതി ആയോഗിന്റെ ഉന്നത സമിതി റിപ്പോർട്ട്. ലൈസൻസുകള്‍, പെർമിറ്റുകള്‍, എതിർപ്പില്ലാ രേഖകള്‍(എൻ.ഒ.സി) എന്നിവ ഒഴിവാക്കി ലൈസൻസ് രാജ് നിറുത്തലാക്കണമെന്ന് നീതി ആയോഗ് അംഗവും മുൻ കാബിനറ്റ് സെക്രട്ടറിയുമായ രാജീവ് ഗൗബയുടെ അദ്ധ്യക്ഷതയിലുള്ള സമിതി നിർദേശിച്ചു. സ്ഥാപനങ്ങളിലെ സാധാരണ പരിശോധനകള്‍ക്ക് അംഗീകൃത തേർഡ് പാർട്ടി ഏജൻസികളെ നിയോഗിക്കണമെന്നും സമിതി പറയുന്നു.
സ്ഥിരതയുള്ള നയങ്ങളും നികുതി നിരക്കുകളും ഉറപ്പുവരുത്തണമെന്നും നിയമങ്ങളില്‍ മാറ്റം വരുത്തുമ്ബോള്‍ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന അധിക ബാദ്ധ്യതയും നടപ്പാക്കുമ്പോള്‍ സർക്കാരിനുണ്ടാകുന്ന പ്രയാസങ്ങളും കണക്കിലെടുക്കണം. സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് വിശ്വാസ്യത അടിസ്ഥാനമായുള്ള പുതിയ സംവിധാനമാണ്(ജെൻ വിശ്വാസ് സിദ്ധാന്ത്) അഭികാമ്യമെന്നും റിപ്പോർട്ടില്‍ പറയുന്നു.
പുതിയ നിർദേശങ്ങള്‍
ലൈസൻസിംഗ്:
ലൈസൻസുകളും നിയമപാലന വ്യവസ്ഥകളും അപകട സാദ്ധ്യതകളുടെ തീവ്രത കണക്കിലെടുത്ത് മാത്രം നിർബന്ധമാക്കണം. ദേശീയ സുരക്ഷയ്ക്കും പൊതുസമൂഹത്തിനും ഭീഷണി, ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ മാത്രമേ ലൈസൻസുകള്‍, അനുമതികള്‍, എൻ.ഒ.സികള്‍ എന്നിവ ആവശ്യപ്പെടാവൂ. നിയമത്തില്‍ വ്യക്തമായി നിരോധിച്ചിട്ടില്ലാത്ത ഏത് പ്രവർത്തനത്തിനും മുൻകൂർ അനുമതി തേടേണ്ടതില്ല.
രജിസ്ട്രേഷനുകള്‍
വിവരങ്ങള്‍ സമാഹരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി മാത്രം രജിസ്ട്രേഷൻ ആവശ്യപ്പെടണം. രജിസ്റ്റർ ചെയ്യുമ്പോള്‍ അനുമതിയും നിഷേധവും നല്‍കേണ്ടതില്ല. ഏറ്റവും കുറഞ്ഞ ഡോക്യുമെന്റുകള്‍ ഉപയോഗിച്ചുള്ള സെല്‍ഫ് രജിസ്ട്രേഷനാണ് അഭികാമ്യം. ലൈസൻസുകളുടെയും പെമിറ്റുകളുടെയും കാലാവധി ശാശ്വതമാകണം.
പരിശോധനകള്‍ക്കും നിയന്ത്രണം
ക്രമരഹിതമായി കംപ്യൂട്ടർ സഹായത്തോടെ സ്ഥാപനം തിരഞ്ഞെടുത്ത് റിസ്ക് വിലയിരുത്തിയതിന് ശേഷം മാത്രമേ പരിശോധനകള്‍ നടത്താവൂ. അക്രെഡിറ്റേഷനുള്ള തേർഡ് പാർട്ടി ഏജൻസികളെ പരിശോധനയ്ക്ക് നിയോഗിക്കണം.
നയങ്ങളില്‍ പെട്ടെന്ന് മാറ്റം വരുത്തരുത്
നിയമങ്ങളിലും വ്യവസായ നയങ്ങളിലും മാറ്റം വരുത്തുന്നതിന് ഓരോ വർഷവും നിശ്ചിത സമയം തീരുമാനിക്കണം. എല്ലാ വിഭാഗങ്ങളുമായി ആവശ്യത്തിന് ചർച്ചകള്‍ നടത്തിയതിനു ശേഷം മാത്രം നിയമങ്ങളില്‍ മാറ്റം വരുത്തണം.
ശിക്ഷ നടപടികള്‍
ചെറിയ, കുറ്റങ്ങള്‍ക്കും നടപടി ക്രമങ്ങളിലും സാങ്കേതികത്വത്തിലും വരുന്ന പിഴവുകള്‍ക്കും ക്രിമിനല്‍ ശിക്ഷ ഒഴിവാക്കണം. ദേശീയ സുരക്ഷയ്ക്കും പൊതുസമൂഹത്തിനും ഭീഷണിയാവുന്ന ഗൗരവമുള്ള കുറ്റങ്ങള്‍ക്ക് മാത്രം ജയില്‍ വാസവും പിഴയും അടക്കമുള്ള ശിക്ഷ നല്‍കണം. ഇതിനായി വിവിധ നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണം.






