
മുംബൈ: ട്രംപിന്റെ താരിഫ് ഭീഷണി വകവെയ്ക്കാതെ ഫാര്‍മ ഓഹരികള്‍ മുന്നേറ്റം തുടരുന്നു. കഴിഞ്ഞയാഴ്ച നിഫ്റ്റി ഫാര്‍മ 3.5 ശതമാനം ഉയര്‍ന്നു. നിലവില്‍ താരിഫ് പരിധിയിലില്ലെങ്കിലും ഫാര്‍മ, ഇലക്ട്രോണിക്‌സ് ഉപകരണ മേഖലകളും യുഎസ് നടപടി നേരിട്ടേയ്ക്കാം.
വാഹന മേഖല 2.7 ശതമാനവും പൊതുമേഖല ബാങ്ക് മേഖല സൂചിക 2 ശതമാനവും കഴിഞ്ഞയാഴ്ച ഉയര്‍ന്നു. അതേസമയം നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, എഫ്എംസിജി സൂചികകള്‍ അരശമാനം പ്രതിവാര നഷ്ടം രേഖപ്പെടുത്തി. മേഖലകളില്‍, മിക്കവാറും എല്ലാ പ്രധാന മേഖല സൂചികകളും പോസിറ്റീവ് ടെറിട്ടറിയില്‍ വ്യാപാരം നടത്തി, കൊട്ടക് സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അമോല്‍ അതാവാലെ അറിയിക്കുന്നു.
സാങ്കേതികമായി സൂചികകള്‍ പ്രതിവാര, ഇന്‍ട്രാഡേ റിവേഴ്‌സല്‍ പാറ്റേണുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതൊരു പോസിറ്റീവ് പ്രവണതയാണ്. കൂടാതെ പ്രതിവാര ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.
വീണ്ടെടുപ്പിലേയ്ക്ക് ഇത് വിരല്‍ ചൂണ്ടുന്നു. 24500/80300 യഥാക്രമം നിഫ്റ്റി, സെന്‍സെക്‌സ് സപ്പോര്‍ട്ടാകുമെന്നാണ് അതാവാലെ കരുതുന്നത്. ഇതിന് മുകളില്‍ സൂചികകള്‍ ബുള്ളിഷ് ട്രെന്റ് നിലനിര്‍ത്തും.
പ്രതിരോധം 24700/80900 മേഖലകളില്‍. അതിന് മുകളില്‍ സൂചികകള്‍ 24,900-25,000/81500-81800 ലക്ഷ്യം വയ്ക്കും.