
മുംബൈ: ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി സൂചികയില്‍ ഉള്‍പ്പെട്ട 50 കമ്പനികളുടെ ലാഭം 8.1% കുറഞ്ഞു. അതേ സമയം അവയുടെ വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ചയുണ്ടായി. 13 ത്രൈമാസങ്ങള്‍ക്കിടെ ആദ്യമായാണ് നിഫ്‌റ്റി 50 കമ്പനികളുടെ ലാഭം കുറയുന്നത്. പുതിയ തൊഴില്‍ ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നുണ്ടായ അധിക ചെലവാണ് കമ്പനികളുടെ ലാഭത്തെ ബാധിച്ചത്.
അതേ സമയം വരുമാനം 10 ശതമാനം ഉയര്‍ന്നു. 2023 ജനുവരി-മാര്‍ച്ച് ത്രൈമാസത്തിനു ശേഷം ആദ്യമായാണ് നിഫ്‌റ്റി 50 കമ്പനികള്‍ ഇരട്ടയക്ക വളര്‍ച്ച കൈവരിക്കുന്നത്. പ്രവര്‍ത്തന ലാഭം 7.5 ശതമാനം ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ പ്രവര്‍ത്തന വരുമാനത്തിലെ വളര്‍ച്ച 5 ശതമാനമായിരുന്നു. ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ 6.1 ശതമാനം വരുമാന വളര്‍ച്ചയാണ് ഉണ്ടായത്.
വ്യത്യസ്‌തമായ വരുമാന മാതൃകയുള്ള ബാങ്കുകള്‍, ധനകാര്യ സേവന കമ്പനികള്‍, ഓയില്‍ & ഗ്യാസ് കമ്പനികള്‍ എന്നിവയെ ഒഴിവാക്കിയാണ് നിഫ്‌റ്റി 50 കമ്പനികളുടെ വരുമാനവും ലാഭവും കണക്കാക്കിയത്. ഉപഭോഗത്തില്‍ കരകയറ്റം ഉണ്ടാകുന്നതിന്റെ സൂചനകള്‍ പ്രകടമാണെന്ന് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.






