
നവംബര്‍ നാലിന് പുറത്തിറങ്ങാനിരിക്കെ ഹ്യുണ്ടേയ് വെന്യു 2025 മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്. ദക്ഷിണകൊറിയയില്‍ നിന്നും പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ വെന്യുവിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെ വ്യക്തമായ സൂചകള്‍ നല്‍കുന്നു. ഹ്യുണ്ടേയ്‌യുടെ തന്നെ ക്രേറ്റ, ട്യൂസോണ്‍, അയോണിക് 9 തുടങ്ങി മോഡലുകളുടെ ഡിസൈനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വെന്യുവിന്റെ വരവ്. 2019 മെയ് മാസത്തില്‍ അവതരിപ്പിച്ച വെന്യുവിന്റെ ഫസ്റ്റ് ജനറേഷന്‍ അപ്‌ഡേറ്റാണ് പുറത്തിറങ്ങാനിരിക്കുന്നത്.
പുതിയ വെന്യുവിന് മുന്നില്‍ സ്പ്ലിറ്റ് ഹെഡ്‌ലാംപാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ മുകള്‍ഭാഗത്തിന് അയോണിക് 9 എസ്‌യുവിയോടാണ് സാമ്യം. ക്വാഡ് ഹെഡ്‌ലാംപിന്റെ താഴെയുള്ള ഭാഗത്തിനാവട്ടെ ക്രേറ്റയോടാണ് സാമ്യതയുള്ളത്. C രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും വെന്യുവിലുണ്ട്. കൂടുതല്‍ വലിപ്പമുള്ള ഗ്രില്ലില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ഇന്‍ലെറ്റ്‌സാണ് നല്‍കിയിട്ടുള്ളത്.
ട്യുസോണിന്റേയും എക്‌സ്റ്ററിന്റേയും വീല്‍ ആര്‍ക്കുകളോടു ചേര്‍ന്നു പോവുന്നവയാണ് വെന്യുവിലെ വീല്‍ ആര്‍ക്കുകള്‍. ഡോര്‍ സില്‍സിന് അടുത്തായും വീല്‍ ആര്‍ക്കുകള്‍ക്ക് മുകളിലായും സൈഡ് ക്ലാഡിങും നല്‍കിയിട്ടുണ്ട്. ബ്ലാക്ക്ഡ് ഔട്ട് സി പില്ലറുകളാണ് പുത്തന്‍ വെന്യുവിലുള്ളത്. 16 ഇഞ്ച് അലോയ് വീലുകള്‍ക്ക് പുത്തന്‍ ഡിസൈനാണ്.
ക്രേറ്റക്കു സമാനമായ നെടു നീളത്തിലുള്ള എല്‍ഇഡി ലൈറ്റ് ബാറാണ് പിന്നിലെ സവിശേഷത. അടുത്തകാലത്ത് വിപണിയിലെത്തുന്ന പല മോഡലുകളിലും നീളത്തിലുള്ള എല്‍ഇഡി ലൈറ്റ്ബാറുകള്‍ സവിശേഷതയായി കാണാറുണ്ട്. ലൈറ്റ്ബാറിന് താഴെ നടുവിലായാണ് വെന്യു എന്ന് എഴുതിയിട്ടുള്ളത്. പിന്നിലെ ബംപറില്‍ കട്ടിയുള്ള ഡ്യുവല്‍ ടോണ്‍ ക്ലാഡിങും കാണാനാവും. പിന്നില്‍ ഇരുവശങ്ങളിലും L രൂപത്തിലുള്ള റിഫ്‌ളക്ടറുകളാണ് നല്‍കിയിട്ടുള്ളത്.
പുതു തലമുറ വെന്യുവും നിലവിലെ മോഡലിലേതു പോലെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളുമായി എത്താനാണ് സാധ്യത. 120എച്ച്പി, 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 83എച്ച്പി, 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 100എച്ച്പി, 1.5 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. അടിസ്ഥാന എന്‍എ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ്. ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് എംടി/7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. ഡീസലില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണുള്ളത്.
കറുപ്പിലും വെളുപ്പിലുമുള്ള ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡും ത്രീ സ്‌പോക്ക് സ്റ്റീറിങ് വീലും വെന്യുവിലുണ്ട്. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നു തന്നെ 2025 ഹ്യുണ്ടേയ് വെന്യുവില്‍ ഇരട്ട ഡിസ്‌പ്ലേകളുണ്ടെന്ന സൂചന ലഭിച്ചിരുന്നു. സിംഗിള്‍ പെയ്ന്‍ സണ്‍ റൂഫും പുത്തന്‍ വെന്യുവിലുണ്ടാവും. എതിരാളികളെ വെച്ചു നോക്കുമ്പോള്‍ ഫീച്ചറുകളുടെ കാര്യത്തിലുള്ള കുറവ് നികത്തിക്കൊണ്ടായിരിക്കും പുത്തന്‍ വെന്യുവിന്റെ വരവ്.
വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, വലിയ ഡിസ്‌പ്ലേകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഡാസ് ഫീച്ചറുകള്‍, കീലെസ് എന്‍ട്രി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് എയര്‍ബാഗുകള്‍, ടയര്‍പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
നിലവില്‍ 7.26 ലക്ഷം രൂപ(എക്‌സ് ഷോറൂം) മുതല്‍ ആരംഭിക്കുന്ന വെന്യുവിനേക്കാള്‍ വില കൂടുതലായിരിക്കും 2025 ഹ്യുണ്ടേയ് വെന്യുവിനെന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഹ്യുണ്ടേയുടെ മികച്ച പ്രകടനം നടത്തുന്ന മോഡലുകളിലൊന്നാണ് വെന്യു. ശക്തമായ മത്സരം നടക്കുന്ന സബ്‌കോംപാക്ട് ക്രോസ്ഓവര്‍ എസ്‌യുവി വിഭാഗത്തിലായിട്ടു പോലും ശരാശരി 7000-8000 യൂണിറ്റുകള്‍ വിറ്റു പോവാറുണ്ട്.
ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, കിയ സോണറ്റ്, മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ എന്നിവയുമായാണ് പ്രധാന മത്സരം.