
മുംബൈ: ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിനായി പുതിയ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് ചരണ്‍ ജോത് സിംഗ് നന്ദ പറഞ്ഞു. ഓഡിറ്റ് നിലവാരം മെച്ചപ്പെടുത്തുക, സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്നിവയാണ് ലക്ഷ്യം.
ഡിജിറ്റല്‍ കമ്പനികളുടെ ഓഡിറ്റിംഗിന് പരമ്പരാഗത മാനദണ്ഡങ്ങള്‍ പര്യാപ്തമല്ല. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് പോലുള്ള നിയമങ്ങള്‍ പാലിക്കാന്‍ നിലവില്‍ ഓഡിറ്റര്‍മാര്‍ ബാധ്യസ്ഥരാണ്.
കൂടാതെ ഇത് സംബന്ധിച്ചുള്ള നിയമ സഹായം സ്ഥാപനങ്ങള്‍ക്ക് നല്‍കാനും ഐടി ഗവേണന്‍സ്, സൈബര്‍ സുരക്ഷ, ഇആര്‍പി സിസ്റ്റം ഓഡിറ്റ് എന്നിവയില്‍ വൈദഗ്ധ്യം നേടാനും അവര്‍ ബാധ്യസ്ഥരാണ്.
ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ വികസിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും നന്ദ പറഞ്ഞു. 2024 മാത്രം 1.57 ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2016 ല്‍ 502 എണ്ണമായിരുന്ന സ്ഥാനത്താണിത്.
ഫിന്‍ടെക്ക് മേഖല മൂല്യം 2029 ഓടെ 110 ബില്യണ്‍ ഡോളറാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.