
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അടിസ്ഥാന സൗകര്യ വികസന വായ്പാദാതാവ് നാഷണല്‍ ബാങ്ക് ഫോര്‍ ഫൈനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡവലപ്പ്‌മെന്റ് (എന്‍എബിഎഫ്‌ഐഡി) അന്തര്‍ദ്ദേശീയ വിപണിയില്‍ നിന്നും 1 ബില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കും.
അന്തര്‍ദ്ദേശീയ വിപണിയില്‍ നിന്നും വായ്പയെടുക്കുന്നത് ആഭ്യന്തരവിപണിയെ വച്ച് നോക്കുമ്പോള്‍ ആധായകരമാണ്. ഉയരുന്ന യീല്‍ഡ് കാരണം ആഭ്യന്തര വിപണി ചെലവേറിയതാണ്.
വന്‍കിട പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനാണ് തുക വിനിയോഗിക്കുക. എക്‌സ്‌റ്റേര്‍ണല്‍ കമേഴ്‌സ്യല്‍ ബോറിവിംഗ്‌സ് (ഇസിബി), അന്തര്‍ദ്ദേശീയ ബോണ്ട് വഴിയായിരിക്കും ധനസമാഹരണമെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആഗോള വിപണി സാധ്യതകള്‍ പരിശോധിച്ച ശേഷം ധനസമാഹരണത്തിന്റെ തീയതി നിശ്ചയിക്കും. എങ്കിലും ബോണ്ടുകള്‍ ഒരു മാസത്തിനകം പുറത്തിറക്കുമെന്നാണ് അറിയുന്നത്.
നിലവില്‍ 2.4 ലക്ഷം കോടി രൂപ വായ്പായിനത്തില്‍ ബാങ്ക് വിതരണം ചെയ്യേണ്ടതുണ്ട്. ഇതില്‍ 90,000 കോടി രൂപ ഉടന്‍ നല്‍കണം. യുഎസ് താരിഫും ആഗോള അനിശ്ചിതാവസ്ഥയും വായ്പാ വിതരണത്തെ ബാധിക്കില്ലെന്ന് എന്‍എബിഎഫ്‌ഐഡി എംഡി രാജ്കിരണ്‍ റായ് പറഞ്ഞു.
ബാഹ്യഷോക്കുകളെ മറികടക്കാനുള്ള കരുത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ട്. രാജ്യത്തെ തദ്ദേശഭരണ സ്ഥാപനങ്ങളെ ബോണ്ട് വഴി ധനസമാഹരണത്തിന് പ്രേരിപ്പിക്കാനും എന്‍എബിഎഫ്‌ഐഡി ശ്രമിക്കുന്നു.
നിലവില്‍ ഏഴ് മുന്‍സിപ്പാലിറ്റികള്‍ മാത്രമാണ് ഇന്ത്യയില്‍ ബോണ്ടുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് 500 എണ്ണമാക്കാനാണ് ശ്രമം.






